എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിന്

എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരമുഖത്തേക്ക്. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി. സെക്രട്ടറിയേറ്റിനു മുന്നിലെ സമരത്തെ തുടർന്ന് സർക്കാർ ഇറക്കിയ ഉത്തരവ് അവ്യക്തവും നിഷേധാത്മകവുമായ സമീപനം പ്രകടിപ്പിക്കുന്നതാണെന്നും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണ്ണി. മാർച്ച് 19ന് കാസർഗോഡ് കലക്ട്രേറ്റിലേക്ക് ബഹുജന മാർച്ച് നടത്തും.
കഴിഞ്ഞ ജനുവരി 30 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ എൻഡോസൾഫാൻ ദുരിതബാധിതരായ അമ്മമാർ നടത്തിയ പട്ടിണിസമരവും സാമൂഹ്യ പ്രവർത്തക ദയാബായിയുടെ നിരാഹാര സമരവും സർക്കാരിനെ കൊണ്ട് ഒത്തുതീർപ്പ് വ്യവസ്ഥകൾ ഉണ്ടാക്കാൻ നിർബന്ധിതമാക്കി.എന്നാൽ സമരത്തെ തുടർന്ന് മാർച്ച് രണ്ടിന് സർക്കാർ ഇറക്കിയ ഉത്തരവ് ദുരിതബാധിതരെ വീണ്ടും ആശങ്കപ്പെടുത്തുകയാണ്.
2017ൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ 1905 പേരിൽ 18 വയസിൽ താഴെയുള്ള കുട്ടികളെ വീണ്ടുമൊരു പരിശോധന കൂടാതെ പട്ടികയിൽ പെടുത്താനും ദുരിതബാധിതരെ കണ്ടെത്തുമ്പോൾ അതിർത്തി ബാധകമാക്കില്ല എന്നും തീരുമാനിക്കുകയുണ്ടായി.എന്നാൽ ഉത്തരവിറങ്ങിയപ്പോൾ 18 വയസിന് താഴെയുള്ള കുട്ടികളെ വീണ്ടും പരിശോധിച്ച് ഉൾപ്പെടുത്തുമെന്നും അതിർത്തി നോക്കാതെ 11 എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തിൽ നിന്നും പുറത്തു പോയവരെ കൂടി പട്ടികയിൽ ചേർക്കുമെന്നതിലൂടെ വീണ്ടും അതിർത്തി വരച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പേരിൽ തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കുന്നത് ചട്ടലംഘനമല്ലെന്നിരിക്കെ ദുരിതബാധിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന സെൽയോഗം പോലും മാറ്റിവച്ചു. ദുരിത ബാധിതരോട് അധികാരികൾ കാണിക്കുന്ന നീതി നിഷേധമാണിതെന്നും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പറഞ്ഞു. മാർച്ച് 19ന് സർക്കാർ വാക്കുപാലിക്കുക എന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് ബഹുജന മാർച്ച് നടത്താനും സർക്കാർ വാക്കുപാലിക്കാത്ത പക്ഷം സമര പരിപാടികൾ സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റാനുമാണ് ഇവരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here