കെഎസ്ആര്‍ടിസി ബസുകളില്‍ പതിച്ച സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി

കെഎസ്ആര്‍ടിസി ബസുകളില്‍ പതിച്ച സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ അന്ത്യശാസനയെത്തുടര്‍ന്നാണ് നടപടി വേഗത്തിലാക്കിയത്. 5,000 കെഎസ്ആര്‍ടിസി ബസുകളിലാണ് ഒരു കോടി രൂപ ചെലവില്‍ പരസ്യങ്ങള്‍ സ്ഥാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് ‘ഒന്നാണ് നാം ഒന്നാമതാണ് കേരളം’ എന്ന പരസ്യം, ‘പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു, ഇനി നവകേരള നിര്‍മ്മാണം’ എന്ന ഓരോ വകുപ്പും പൂര്‍ത്തിയാക്കിയ ശ്രദ്ധേയമായ പദ്ധതികളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയ പരസ്യം എന്നിവയാണ് നീക്കം ചെയ്യുന്നത്.

കെഎസ്ആര്‍ടിസി ബസുകളിലെയും സര്‍ക്കാര്‍ സൈറ്റുകളിലേയും പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ സൈറ്റുകളിലും നല്‍കിയിരുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം വന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top