കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിട്ടോടെ; ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാല്‍ മത്സരിക്കില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക്. വൈകിട്ടോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല. സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ലെന്ന കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സൂചിപ്പിച്ചു. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.

കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യപ്പെടുന്നതെന്നാണ് സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. മത്സരിക്കുന്നതിലുള്ള അസൗകര്യം കെ സി വേണുഗോപാലും അറിയിച്ചു. ഇതോടെ മൂന്ന് പേരെയും ഒഴിവാക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി മൂന്നു നേതാക്കളും നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിജയ സാധ്യത പരിഗണിച്ച് മൂന്ന് നേതാക്കളുടേയും പേരുകള്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പരിഗണിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് സമതിക്ക് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് വൈകീട്ട് 6.30 ഓടെ ഉണ്ടാകും.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഏകദേശ ധാരണയായിരിക്കുന്നത് 8 മണ്ഡലങ്ങളിലാണ്. തിരുവനന്തപുരത്ത് ശശി തരൂര്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍, പത്തനംതിട്ട ആന്റോ ആന്റണി, തൃശൂരില്‍ ടി എന്‍ പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍, വയനാട് കെ സുബയ്യറായി, കണ്ണൂരില്‍ കെ സുധാകരന്‍ എന്നിങ്ങനെയാണ് ധാരണയായിരിക്കുന്നത്. എറണാകുളത്ത് ഹൈബി ഈഡനെ രംഗത്തിറക്കാനാണ് സാധ്യത. സിറ്റിങ് എം പി കെ വി തോമസ് മത്സരിച്ചേക്കില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top