ബി.ജെ.പിയിലേക്ക് പോകാന്‍ കെ.വി തോമസ് വടക്കനല്ലെന്ന് കെ.സുധാകരന്‍

ബിജെപിയിലേക്ക് പോകാന്‍ കെ വി തോമസ് വടക്കനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ . കെ.വി തോമസില്‍ നിന്നും ഒരിക്കലും അങ്ങനെയൊരു തീരുമാനം പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചില്ല എന്നതാണ് അദ്ദേഹത്തെ പ്രയാസപ്പെടുത്തിയത്. കുറേ കൂടി നല്ല വഴിയിലൂടെ ആ തീരുമാനം കൈക്കൊള്ളാമായിരുന്നു. തീരുമാനത്തില്‍ തെറ്റൊന്നുമില്ല. പക്ഷേ അദ്ദേഹം ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇതേപ്പറ്റി നേരത്തെ ഒന്നറിയിക്കാമായിരുന്നെന്നും കെ സുധാകരന്‍ പറഞ്ഞു. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിങ് എം പി യായ പ്രൊഫ. കെ വി തോമസിനെ ഒഴിവാക്കി ഇത്തവണ ഹൈബി ഈഡനാണ് കോണ്‍ഗ്രസ് ഇവിടെ സീറ്റ് നല്‍കിയത്.

Read Also: എഐസിസി ജനറല്‍ സെക്രട്ടറി പദവി മുതല്‍ നിയമസഭാ സീറ്റുവരെ; കെ വി തോമസിനെ അനുനയിപ്പിക്കാന്‍ പുതിയ വാഗ്ദാനങ്ങളുമായി ഹൈക്കമാന്‍ഡ്

ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കെ വി തോമസ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കെ വി തോമസുമായി ബിജെപി കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. കെ വി തോമസ് എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.

Read Also: കെ വി തോമസിനെ കോണ്‍ഗ്രസ് അപമാനിച്ചു; ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് എ എന്‍ രാധാകൃഷ്ണന്‍

ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസ് എംപിയെ അനുനയിപ്പിക്കാന്‍ നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്നോട്ടു വെച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി പദവിയാണ് പ്രധാന വാഗ്ദാനം. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും പരിഗണനയിലുണ്ട്. മുതിര്‍ന്ന നേതാവായതിനാല്‍ അതിനൊത്ത പദവി തന്നെ നല്‍കണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളത്. ഹൈബി ഈഡന്‍ വിജയിച്ചാല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാമെന്ന വാഗ്ദാനവും ഹൈക്കമാന്‍ഡ് മുന്നോട്ടുവെയ്ക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ ആദ്യ ഘട്ട അനുനയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടേക്കുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top