അടൂർ പ്രകാശ് പ്രചാരണമാരംഭിച്ചു

adoor prakash

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് പ്രചാരണമാരംഭിച്ചു. നെടുമങ്ങാട്ടെ സത്രം ജംഗ്ഷനിൽ നിന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. സ്ഥാനാർഥി പട്ടിക വൈകിയത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മണ്ഡലത്തിലെ ജനങ്ങൾ തന്നെ ഏറ്റെടുക്കുമെന്നും അടൂർ പ്രകാശ് ട്വന്റി ഫോറിനോട് പറഞ്ഞു. മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് അടൂര്‍ പ്രകാശ് പ്രചാരണം ആരംഭിച്ചത്.

സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അടൂര്‍ പ്രകാശ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ആറ്റിങ്ങൽ ഉൾപ്പെടെയുള്ള  ലോക്‌സഭാ സീറ്റുകളിലെ തർക്കങ്ങളെ തുടർന്ന് ഹൈക്കമാൻഡ് പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിലാണ് അടൂർ പ്രകാശ് ഫെയ്‌സ്ബുക്കിലൂടെ സ്വന്തം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

അടൂര്‍ പ്രകാശിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

പ്രിയമുള്ളവരേ ,
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും യുഡിഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടാന്‍ ലഭിച്ച അവസരത്തെ പൊതുപ്രവര്‍ത്തന രംഗത്ത് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നു.
ആറ്റിങ്ങല്‍ എന്നും ചരിത്രതാളുകളില്‍ ഇടം പിടിച്ച പ്രദേശമായിരുന്നു. അനീതിക്കും അക്രമത്തിനും എതിരെ പടപൊരുതിയ ജനത. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ മലയാളമണ്ണില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം നയിച്ച പാരമ്പര്യം. ആ മണ്ണിലേക്ക് നിങ്ങളിലൊരാളായി കടന്നു വരുമ്പൊള്‍ എനിക്ക് വളരെയേറെ അഭിമാനമുണ്ട് .
എന്നാല്‍ ഇന്ന് ഭാരതവും കേരളവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. കരുതലും വികസനവും ഉയര്‍ത്തിപിടിക്കേണ്ട കരങ്ങളില്‍ ഊരിപിടിച്ച വാളുമായി ”ഉന്മൂലന സിദ്ധാന്തം” വിളമ്പുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരുഭാഗത്ത്. മതേതര മൂല്യങ്ങളും സമ്പത്ഘടനയും മാത്രമല്ല സകലരംഗങ്ങളിലും അരാജകത്വം വിളമ്പുന്ന കേന്ദ്രസര്‍ക്കാര്‍ മറുഭാഗത്ത്. ജനം ചെകുത്താനും കടലിനും നടുവിലാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഒരു തെരഞ്ഞെടുപ്പിനെയാണ് നാം അഭിമുഖീകരിക്കുന്നത്. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കും ഇടതുപക്ഷത്തിന്റെ കിരാത ഭരണത്തിനും നാം കൊടുക്കേണ്ട മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാലങ്ങളായുള്ള വികസന മുരടിപ്പ് മാറാന്‍ സമയമായി. ആറ്റിങ്ങലിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാവണം. മണ്ഡലത്തിലെ റെയില്‍വേ വികസനം, തെന്മല- തിരുവനന്തപുരം റെയില്‍വേ, ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന ശിവഗിരിയുടെ സമഗ്ര വികസനം ഇതൊക്കെ പതിറ്റാണ്ടുകളായി ജനം ആവശ്യപ്പെടുന്ന പ്രധാന കാര്യങ്ങളാണ്.
ടൂറിസത്തിനു അനന്ത സാധ്യതകളുള്ള മണ്ണാണ് ആറ്റിങ്ങൽ. കിളിമാനൂര്‍ കൊട്ടാരം, ആറ്റിങ്ങല്‍ കൊട്ടാരം, ആശാന്‍ സ്മാരകം, പാപനാശം കുന്നുകള്‍, ചിറയന്‍കീഴ്, വർക്കല , തെക്കൻ മൂന്നാർ എന്നറിയപ്പെടുന്ന പൊന്മുടി, അഗസ്ത്യാര്‍കൂടം തുടങ്ങി വിവിധ സ്ഥലങ്ങളിൽ വികസനം എത്തേണ്ടതായിട്ടുണ്ട്. കയര്‍ വ്യവസായം, റബ്ബര്‍ വ്യവസായം എന്നീ മേഖലകളിലെ മുരടിപ്പിന് പരിഹാരം, മുതലപൊഴി ഹാര്‍ബര്‍, സമ്പൂര്‍ണ്ണ മത്സ്യതൊഴിലാളി ഗ്രാമങ്ങള്‍, ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവണം; അതിനായി ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവുമെന്ന് ഉറപ്പ് നൽകുന്നു.
ഇത്രയും കാലത്തെ പൊതു പ്രവര്‍ത്തനത്തില്‍ ജനങ്ങളോടൊപ്പം നിന്ന് വിവിധ ജനക്ഷേമ പ്രവർത്തനങ്ങളിലും നാടിൻറെ വികസനത്തിലും റെവന്യു – കയർ വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ ആറ്റിങ്ങൽ ലോക് സഭാ മണ്ഡലത്തിൽ കാട്ടാക്കട, വർക്കല താലൂക്കുകൾ അനുവദിക്കാനും കയര്‍ മേഖലക്ക് ശക്തിപകരുവാനും സാധിച്ചു എന്നത് ദെെവ നിയോഗമായി കരുതുന്നു.
രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. ഭാരതത്തിന്റെ ബഹുസ്വരത നിലനിര്‍ത്തി അഖണ്ഡത കാത്തു സൂക്ഷിക്കേണ്ട ഈ അവസരത്തില്‍ ജനങ്ങളുടെ ഹൃദയപക്ഷത്ത് എന്നും നിലകൊണ്ടിട്ടുള്ള ഈയുള്ളവന് നിങ്ങളുടെ എല്ലാ പിന്തുണയും അനുഗ്രഹവും ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെ ,
അടൂര്‍ പ്രകാശ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top