കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു

സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്ര നേതൃത്വം ഇന്ന് നിലപാട് കൈക്കൊള്ളും. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി തര്‍ക്കം അതിരു കടന്നു എന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. അതേസമയം, ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ ആര്‍എസ്എസ് അതൃപ്തി അറിയിച്ചു. സ്ഥാനാര്‍ത്ഥി പട്ടിക നീട്ടിക്കൊണ്ടുപോയത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. ജനകീയരായ നേതാക്കള്‍ക്ക് ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കണമെന്ന് സമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിവാദങ്ങള്‍ക്ക് വഴിതുറന്നത് ശരിയായില്ലെന്നും ആര്‍എസ്എസ് ആരോപിക്കുന്നു.
കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയെയാണ് പരിഗണിച്ചിരിക്കുന്നത്. ഇതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കെ സുരേന്ദ്രന്റേയും ശോഭ സുരേന്ദ്രന്റേയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ കേന്ദ്രനേതൃത്വം ഇടപെടുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളിലെ പോര് മറ നീങ്ങി പുറത്തുവന്നതോടെയാണ് ആര്‍എസ്എസ് അതൃപ്തിയുമായി രംഗത്തെത്തിയത്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പെടെ അനുകൂല പോസ്റ്റുകള്‍ നിറഞ്ഞു. ഇതുള്‍പ്പെടെ ആര്‍എസ്എസിന് കടുത്ത അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീളുകയാണ്. തര്‍ക്കങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം.