മദ്യലഹരിയിൽ നടുറോഡിൽ അടിപിടി; നടൻ സുധീറിനെതിരെ കേസ്

മദ്യലഹരിയിൽ സുഹൃത്തുക്കൾക്കൊപ്പം നടുറോഡിലിട്ട് രണ്ട് പേരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടൻ സുധീറിനെതിരെ കേസ്. ആലപ്പുഴ എസ്.എൽ പുരത്ത് വെച്ച് ഇന്നലെ രാത്രി ഏഴരയോടെയാണ് കേസിന് ആസ്പദമായ സംഭവം. ബാറിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘട്ടനത്തിലേക്ക് എത്തിച്ചത്.
സുധീറും രണ്ട് സുഹൃത്തുകളും എസ്.എൽ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്ത അനൂപിനെ ഡോർ തുറന്ന് പുറത്തിറങ്ങിയ സുധീർ ചവിട്ടി വീഴ്ത്തി .
ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തെ തുടർന്ന് അനൂപിന്റെ സുഹൃത്ത് ഹരീഷിനെ സുധീറും സുഹൃത്തുക്കളും വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇതുകണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി. തുടർന്ന് മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയാണ് സ്ഥിതിഗതി ശാന്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here