Advertisement

പ്രിയങ്ക ഗാന്ധി ഗംഗാ യാത്രയുടെ രണ്ടാം ദിവസം പൂർത്തിയാക്കി

March 19, 2019
Google News 0 minutes Read
priyanka gandhi second day ganga completed

കോൺഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗംഗാ യാത്രയുടെ രണ്ടാം ദിവസം പൂർത്തിയാക്കി. ഗംഗയുടെ തീരത്തുള്ള ആരാധനാലയങ്ങള്‍ സന്ദർശിച്ചും ജനങ്ങളോട് സംവദിച്ചുമാണ് യാത്ര പുരോഗമിക്കുന്നത്. എന്നാല്‍ ഉത്തർപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് യാത്ര ആസൂത്രണം ചെയ്തതില്‍ വലിയ പാളിച്ചയുണ്ടായെന്നും പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

മൂന്ന് ദിവസം കൊണ്ട് കിഴക്കന്‍ ഉത്തർപ്രദേശിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളെ നേരില്‍ കണ്ട് സംസാരിക്കുകയെന്ന ലക്ഷ്യം വെച്ച് കൊണ്ടാണ് സാഞ്ചി ബാത്ത് പ്രിയങ്ക കെ സാത്ത് എന്ന പരിപാടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. അലഹബാദിലെ രണ്ട് മണ്ഡലങ്ങള്‍, മിർസാപൂർ, ബദോയ്, പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ മണ്ഡലമായ വരാണസി എന്നിവടങ്ങളിലാണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് ബദോയ് മണ്ഡലത്തില്‍ നിന്ന് യാത്ര ആരംഭിച്ച പ്രിയങ്ക മിർസാപൂരില്‍ യാത്ര അവസാനിപ്പിച്ചു. അവിടെ വെച്ച് കോണ്‍ഗ്രസ് പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. രാവിലെ വിവിധ ആരാധനാലയങ്ങള്‍ സന്ദർശിച്ച ശേഷമാണ് പ്രിയങ്ക ഗംഗായാത്ര ആരംഭിച്ചത്. ഉത്തർ പ്രദേശ് സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചു കൊണ്ടാണ് പ്രിയങ്കയുടെ പ്രസംഗങ്ങള്‍.

പലയിടങ്ങളിലും വേണ്ടത്ര പ്രവർത്തകരെ എത്തിക്കുന്നതിനോ മറ്റ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനോ ഉത്തർപ്രദേശ് കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമർശമുയർന്നിട്ടുണ്ട്. ഗംഗയുടെ തീരത്തുള്ള ചില ഘാട്ടുകളില്‍ ബോട്ട് അടുപ്പിച്ചപ്പോള്‍ പ്രവർത്തകർ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നതും നേതാക്കളെ ചൊടിപ്പിച്ചു. ഉത്തർപ്രദേശിലെ കോണ്‍ഗ്രസിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നേതാവിന്‍റെ പര്യടനത്തില്‍ പ്രവർത്തകരെത്താത്തത് നേതൃതലങ്ങളില്‍ ചർച്ചയാകാനിടയുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ വെച്ച് മൂന്ന് ദിവസത്തെ പ്രിയങ്കയുടെ പര്യടനം പൂർത്തിയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here