സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട്; മുരളീധരനെ പിന്തുണയ്ക്കാന്‍ ആര്‍എസ്എസ് ധാരണയെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും സഖ്യ ധാരണയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വടകരയില്‍ കെ മുരളീധരനെ പിന്തുണയ്ക്കാനാണ് ആര്‍എസ്എസിന്റെ തീരുമാനം. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആര്‍എസ്എസ് നിര്‍ദ്ദേശിച്ചു. പ്രത്യുപകാരമായി യുഡിഎഫ് ബിജെപിയെ സഹായിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read also: കേരളത്തില്‍ എന്‍ഡിഎ സീറ്റുകളില്‍ ധാരണയായി; ബിജെപി പതിനാലു സീറ്റുകളില്‍; അഞ്ചു സീറ്റുകളില്‍ ബിഡിജെഎസ്
യുഡിഎഫും എസ്ഡിപിഐയും മാത്രമല്ല, യുഡിഎഫും ആര്‍എസ്എസും തമ്മിലും അവിശുദ്ധ കൂട്ടുകെട്ടുണ്ട്. എന്‍ഡിഎ വടകരയില്‍ മുന്നോട്ടുവെയ്ക്കാന്‍ പോകുന്നത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയായിരിക്കും. ബിജെപിയുടെ വോട്ടുകള്‍ മുരളീധരന് ലഭിക്കുന്നതിന് വേണ്ടിയാണ് അത്തരത്തിലൊരു തീരുമാനം. വടകരയെ കൂടാതെ നാല് മണ്ഡലങ്ങളില്‍ കൂടി ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ആര്‍എസ്എസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് നിര്‍ദ്ദേശം. പകരം തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുന്ന കുമ്മനം രാജശേഖരനെ പിന്തുണയ്ക്കണമെന്ന് യുഡിഎഫിനോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇക്കാര്യം ജനങ്ങള്‍ മനസിലാക്കണം. കോണ്‍ഗ്രസ് നേമത്ത് സഹായിച്ചത് കൊണ്ടാണ് ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നതെന്നും കോടിയേരി ആരോപിച്ചു.
കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എല്‍ഡിഎഫിനെ ബാധിക്കില്ല. മുന്‍പും ഇത്തരത്തില്‍ കോലീബി സഖ്യം ഉണ്ടായിട്ടുണ്ട്. 1991 ലായിരുന്നു അത്. വടകരയില്‍ ഇടത് മുന്നണി വരുന്നതില്‍ ഭയമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തരംഗമുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here