സൗദിയില്‍ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍

saudi

സൗദിയില്‍ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ലോണ്‍ അനുവദിക്കുകയും ഭൂമി ഏറ്റെടുത്ത് നല്‍കുകയും ചെയ്യും. വിദേശ സംരംഭകര്‍ക്കും ഏറെ അവസരമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പൊതു വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനു നിരവധി ആനുകൂല്യങ്ങളാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകള്‍ ആരംഭിക്കാനുള്ള ഭൂമി ഏറ്റെടുത്ത് നല്‍കും. ലോണ്‍ അനുവദിക്കും. മന്ത്രാലയത്തിനു കീഴില്‍ ഏകീകൃത സേവന കേന്ദ്രം ആരംഭിക്കുന്നത് ഉള്‍പ്പെടെ നിക്ഷേപത്തിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കും. വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപമിറക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യ സംരംഭകരെ മന്ത്രാലയം ക്ഷണിച്ചു.

സ്കൂള്‍ നിലനില്‍ക്കുന്ന ഭൂമിയുടെ അളവ്, ക്ലാസ് മുറികളിലെ സ്ഥലസൗകര്യം, വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍, അധ്യാപകരുടെ യോഗ്യതകള്‍, തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് 6300 ഓളം നിക്ഷേപാവസരങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്‌. ഇത് പ്രയോജനപ്പെടുത്തിയാല്‍ രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം 193 ബില്യണ്‍ റിയാലായി വര്‍ധിക്കും. നിലവില്‍ ഇത് പതിനാറ് ബില്യനാണ്. രാജ്യത്ത് 4700 പുതിയ സ്വകാര്യ സ്കൂളുകള്‍ക്ക് അവസരം ഉണ്ട്. എഴുപത്തിയെണ്ണായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാവുന്ന ഈ സ്കൂളുകള്‍ക്ക് പ്രതീക്ഷിക്കുന്ന ചിലവ് ഒമ്പത് ബില്യണ്‍ റിയാലാണ്. രണ്ടെക്കാല്‍ ലക്ഷം കുട്ടികള്‍ക്ക് പ്രവേശനം നല്‍കാവുന്ന 1500 കെ.ജി സ്കൂളുകള്‍ക്കും അവസരമുണ്ട്. രണ്ട് ബില്യണ്‍ റിയാലാണ് ഇതിനു പ്രതീക്ഷിക്കുന്ന ചിലവ്. പതിമൂന്ന് പുതിയ യൂണിവേഴ്സിറ്റികള്‍ക്കും നാല്‍പ്പതിയഞ്ചു കോളേജുകള്‍ക്കും അവസരമുണ്ടെന്ന്‍ മന്ത്രാലയം പ്രതിനിധികള്‍ വെളിപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top