എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ബാത്ത്റൂമില്‍ പോകാന്‍ അനുവദിച്ചില്ല; പരീക്ഷാ ഹാളില്‍ കുട്ടി മലമൂത്ര വിസര്‍ജ്ജനം നടത്തി

പരീക്ഷയ്ക്കിടെ കലശലായ വയറുവേദന അനുഭവപ്പെട്ട കുട്ടിയെ ടീച്ചര്‍ ബാത്ത്റൂമില്‍ പോകാന്‍ അനുവദിക്കാഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പരീക്ഷാ ഹാളില്‍‌ മലമൂത്ര വിസര്‍ജനം നടത്തി. കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.  എസ്.എസ്.എൽ.സി പരീക്ഷ എഴുതവെയാണ് വിദ്യാര്‍ത്ഥി ക്ലാസില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയത്.

രസതന്ത്രം പരീക്ഷയ്ക്കിടെ കുട്ടിയ്ക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ടീച്ചറെ വിവരം ധരിപ്പിച്ചെങ്കിലും ക്ലാസിന് പുറത്തേക്ക് വിടാന്‍ ടീച്ചര്‍  തയ്യാറായില്ല. പലതവണ ആവശ്യപ്പെട്ടെങ്കിലും ടീച്ചര്‍ അനുവാദം നല്‍കിയില്ല. ടീച്ചര്‍ കുട്ടിയുടെ ആവശ്യം  പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കുക പോലും ചെയ്തില്ലെന്നും വ്യാപക പരാതിയുണ്ട്. പരീക്ഷാസമയം കഴിഞ്ഞശേഷമാണ്  സ്കൂൾ അധികൃതർ കുട്ടി മലമൂത്ര വിസര്‍ജ്ജനം ചെയ്ത കാര്യം തിരിച്ചറിയുന്നത്.  തുടർന്ന് കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു.

വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കൾ  അധ്യാപികയ്‍ക്കെതിരേ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. അധ്യാപികയുടെ പിടിവാശിമൂലം മകന് കടുത്ത മാനസിക സംഘർഷമനുഭവിക്കേണ്ടിവന്നുവെന്നും അതിനാല്‍ വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നും പരാതിയില്‍ പറയുന്നു. മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്കെതിരേ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top