ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് ഏറ്റുമുട്ടാന്‍ പ്രകാശ് രാജ്; ബംഗളൂരുവില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങി നടന്‍ പ്രകാശ് രാജ്. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് പ്രകാശ് രാജ് ഉദ്ദേശിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ തനിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്നും ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രകാശ് രാജ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, പ്രകാശ് രാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. നന്ദ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന റാലിക്ക് ശേഷമായിരിക്കും പത്രിക സമര്‍പ്പിക്കുക. ഇന്നലെ ഫെയ്‌സ്ബുക്കിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റാലിയില്‍ തന്നോടൊപ്പം അണിനിരക്കാന്‍ ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. റാലി ബംഗളൂരുവിലെ ബിബിഎംപി ഓഫീസിലാണ് സമാപിക്കുക.
അതിനിടെ, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ പ്രകാശ് രാജിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. അനുവാദമില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചെന്ന സംഭവത്തിലാണ് നടപടി. മാര്‍ച്ച് 12 ന് എംജി റോഡിലെ മഹാത്മാഗാന്ധി ഗൗണ്ടില്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് കമ്മീഷന്റെ ഇടപെടല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here