ഗുരുഗ്രാമില്‍ മുസ്ലീം കുടുംബം ആക്രമിക്കപ്പെട്ട സംഭവം; മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച് അരവിന്ദ് കെജ്‌രിവാള്‍

Aravind Kejariwal

ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലീം കുടുംബം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രിയെ അഡോള്‍ഫ് ഹിറ്റ്‌ലറിനോടാണ് കെജ്‌രിവാള്‍ ഉപമിച്ചത്. ക്രിക്കറ്റ് കളിച്ച കുടുംബത്തെ നാല്‍പ്പതോളം ഗുണ്ടകള്‍ ചേര്‍ന്നാണ് ആക്രമിച്ചത്. അധികാരത്തിന് വേണ്ടി ഹിറ്റ്‌ലറും ഇങ്ങനെ ചെയ്തിരുന്നുവെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

ആളുകളെ ഹിറ്റ്‌ലറുടെ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അധികാരത്തിന് വേണ്ടിയാണ് മോദിയും ഇങ്ങനെ ചെയ്യുന്നത്. ഹിറ്റലറുടെ അതേ വഴിയിലാണ് മോദിയും എന്നാല്‍ രാജ്യം ഏത് വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് മോദി ഭക്തര്‍ മനസിലാക്കുന്നില്ലെന്നും കെജ്‌രിവാള്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഗുരുഗ്രാമില്‍ ഗുര്‍ഗാവിലെ ധമാസ്പൂര്‍ ഗ്രാമത്തില്‍ മുസ്ലീം കുടുംബത്തെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. ഹോളി ദിനത്തില്‍ നാല്‍പതോളം ആളുകള്‍ ചേര്‍ന്ന് ഇരുമ്പ് ദണ്ഡും വടികളും ഉപയോഗിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കുടുംബത്തിലെ നാല് പുരുഷന്മാര്‍ ചികിത്സയിലാണ്.

Read more:ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലീം കുടുംബത്തെ ആക്രമിച്ച സംഭവം; ആറ് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമിലെ ബോന്ധ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ദില്‍ഷാദിനെയും കുടുംബത്തെയുമാണ് മദ്യലഹരിയിലായിരുന്ന അക്രമികള്‍ ഗുരുതരമായി തല്ലി പരിക്കേല്‍പ്പിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെ വഴിയില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന ദില്‍ഷാദിന്റെ കുടുംബാഗങ്ങളോട് കളി നിര്‍ത്തി വെക്കാന്‍ അക്രമികള്‍ ആവശ്യപ്പെട്ടു. അത് കണക്കിലെടുക്കാതെ കളി തുടര്‍ന്നപ്പോഴുണ്ടായ വാക്ക് തര്‍ക്കമാണ് വലിയ ആക്രമണത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്.

അക്രമികള്‍ സംഘടിച്ചെത്തി ദില്‍ഷാദിന്റെ ഇരുനില വീടിന്റെ ജനല്‍ ചില്ലുകളും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു പിന്നീട് അകത്ത് കയറി കുടുംബാഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ് പലരും നിലത്ത് വീണു. എന്നിട്ടും ആക്രമണം തുടര്‍ന്നെന്നു. പോലീസിനെ വിവരം അറിയിച്ച് നാല്പത് മിനിറ്റ് കഴിഞ്ഞ് എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top