ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ടയില്ല!

bjp

ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്ത്. ഇന്നലെ അര്‍ദ്ധ രാത്രിയാണ് പട്ടിക നേതൃത്വം പ്രഖ്യാപിച്ചത്. ഇക്കൂട്ടത്തിലും പത്തനംതിട്ട സ്ഥാനം പിടിച്ചിട്ടില്ല.  36 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ബിജെപി പുറത്തിറക്കിയത്.

ബിജെപി പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസിന്‍റെ നിലപാട്. അതേസമയം തുഷാർ ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കട്ടെയെന്നാണ് ബിജെപി പറയുന്നത്. തുഷാര്‍ പിന്മാറിയില്‍ തൃശ്ശൂരില്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കുന്നതിനാണ് ബിജെപി താത്പര്യപ്പെടുന്നതെന്നാണ് സൂചന. അങ്ങനെ തൃശ്ശൂരില്‍ കെ സുരേന്ദ്രന്‍ മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് നറുക്ക് വീഴും.മുരളീധര പക്ഷത്തിന് കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കുന്നതിനോട് വിയോജിപ്പാണ്.  ബിജെപിയുടെ സാധ്യതകളെ ഇത് ബാധിക്കുമെന്നാണ് മുരളീധര പക്ഷം വ്യക്തമാക്കുന്നത്. സംസ്ഥാന ഘടകത്തിന് കെ സുരേന്ദ്രനെ താത്പര്യമില്ലെന്നും സൂചനയുണ്ട്.

സുരേന്ദന്‍ തന്നെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യതയെങ്കിലും ഔദ്യോഗികമായി ഇത് വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടില്ല. ഇതിനിടെ ഇടഞ്ഞ് നില്‍ക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവ് പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും ബിജെപി നേതൃത്വം ഇത് നിഷേധിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം ഇല്ലെന്നാണ് ഇന്നലെ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയത്. ഒന്നോ രണ്ടോ ദിവസത്തില്‍ പത്തനംതിട്ടയിലെ അടക്കം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഇപ്പോഴുണ്ടായിരിക്കുന്ന കാലതാമസം നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും കുമ്മനം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസം ഒന്നും ഇല്ല. ഇലക്ഷന്‍ കമ്മിറ്റി കൂടി ഉടന്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. എല്ലാ സംസ്ഥാനങ്ങളിലും മത്സരിക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് ബിജെപിയ്ക്ക് ചില നടപടി ക്രമങ്ങളുണ്ട്. അതിന് ശേഷം പ്രഖ്യാപിക്കുന്ന പേര് അണികള്‍ ഒറ്റക്കെട്ടായി ഏറ്റെടുക്കുമെന്നും കുമ്മനം വ്യക്തമാക്കി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top