ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് കോണ്‍സുല്‍ ഷാഹിദ് ആലം മൂന്നു വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് കോണ്‍സുല്‍ ഷാഹിദ് ആലം മൂന്നു വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു. ഇന്ത്യന്‍ സമൂഹത്തിന്‍റെ പരിപൂര്‍ണ സഹകരണത്തോടെ അഞ്ച് ലക്ഷത്തോളം ഇന്ത്യന്‍ ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ സാധിച്ചതിലുള്ള സന്തോഷം അദ്ദേഹം ട്വെന്റിഫോറുമായി പങ്കുവെച്ചു. ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും ഷാഹിദ് ആലം പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഹജ്ജ് കോണ്‍സുല്‍ ആയും, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ആയും സേവനം ചെയ്ത ഷാഹിദ് ആലം ഈ മാസം ഇരുപത്തിയൊമ്പതിനു ഡല്‍ഹിയിലേക്ക് മടങ്ങുകയാണ്. പുണ്യഭൂമിയില്‍ വെച്ച് 4,81,000 ഇന്ത്യന്‍ ഹാജിമാര്‍ക്ക് സേവനം ചെയ്ത ചാരിതാര്‍ത്ഥ്യത്തോടെ. ഇന്ത്യന്‍ ഹാജിമാര്‍ക്ക് സൗദിയില്‍ ലഭിക്കുന്ന താമസം, യാത്ര, ഐ.ടി തുടങ്ങിയവ സേവനങ്ങള്‍ ഈ കാലയളവില്‍ ഏറെ മെച്ചപ്പെട്ടു. ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒന്നേമുക്കാല്‍ ലക്ഷമായിരുന്ന ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഈ വര്‍ഷം മുതല്‍ രണ്ട് ലക്ഷമായി വര്‍ധിക്കുകയാണ്. ഇത്രയും തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനുള്ള ശേഷി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉണ്ടെന്നും ഷാഹിദ് ആലം പറഞ്ഞു.

സ്വന്തം വീടു പോലെയാണ് സൗദി. സ്വപ്ന തുല്യമായിരുന്നു ഇവിടുത്തെ സേവനങ്ങള്‍. ഹജ്ജ് സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് ലഭിച്ച പിന്തുണ എന്നും സ്മരിക്കുമെന്നും ഷാഹിദ് ആലം പറഞ്ഞു.

കോണ്‍സുലേറ്റ് പരിധിയിലുള്ള ഇന്ത്യന്‍ സ്കൂളുകളുടെ ഒബ്സര്‍വര്‍ ആയും ഷാഹിദ് ആലം സേവനം ചെയ്തു. ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ആയിരിക്കും ഇനി ജാര്‍ഖണ്‍ഡില്‍ നിന്നുള്ള ഈ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍റെ സേവനം. ജിദ്ദയില്‍ എത്തുന്നതിനു മുമ്പ് ഈജിപ്ത്, യു.എ.ഇ, ഇറാഖ് എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലും സേവനം ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top