സൗദിയിൽ അറസ്റ്റിലായത് ഇരുപത്തിയെട്ട് ലക്ഷത്തിലേറെ നിയമലംഘകർ

സൗദിയിൽ ഇരുപത്തിയെട്ട് ലക്ഷത്തിലേറെ നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഏഴു ലക്ഷത്തിലേറെ വിദേശ നിയമലംഘകരെ നാടു കടത്തി. നാലേമുക്കാൽ ലക്ഷത്തോളം പേരെ ഉടൻ നാടുകടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
28,27,564 നിയമലംഘകർ ഇതുവരെ സൗദിയിൽ പിടിയിലായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 22,04,460 പേർ താമസ നിയമ ലംഘകരും 432,461 പേർ തൊഴിൽ നിയമലംഘകരുമാണ്. 190,643 പേർ അതിർത്തി നിയമലംഘനങ്ങളുടെ പേരിലും പിടിയിലായി. അയൽ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നുഴഞ്ഞു കയറുന്നതിനിടെ 47,863 പേർ അറസ്റ്റിലായി. ഇതിൽ അമ്പത് ശതമാനം യമനികളും നാൽപ്പത്തിയേഴ് ശതമാനം എത്യോപ്യക്കാരുമാണ്.
Read Also : സൗദിയിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ കൂടുതൽ ക്യാമറകൾ
സൗദിയിൽ നിന്നും നിയമവിരുദ്ധമായി അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 2015 പേർ അതിർത്തികളിൽ വെച്ച് പിടിയിലായി. ഇവർക്ക് യാത്രാ സഹായം നൽകിയ 3533 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 1166 ഉം സൗദികൾ ആണ്. നാൽപ്പത്തിയാറു പേർ തടവിൽ കഴിയുകയാണ്. ബാക്കിയുള്ളവർക്കെതിരെ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം അറിയിച്ചു.
നിയമലംഘകരിൽ 4,24,223 പേർക്കെതിരെ പിടിക്കപ്പെട്ട ഉടൻ തന്നെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. നാടു കടത്തുന്നതിനുള്ള യാത്രാ രേഖകൾ ശരിയാക്കാൻ 3,85,618 നിയമലംഘകരുടെ വിവരങ്ങൾ ബന്ധപ്പെട്ട എംബസികൾക്ക് കൈമാറിയിട്ടുണ്ട്. 4,80,441 പേരെ നാടു കടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ഇതുവരെ 7,19,801 നിയമലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരില്ലാത്ത രാജ്യം എന്ന പേരിൽ 2017 നവംബറിൽ ആണ് നിയമലംഘകരെ കണ്ടെത്താനുള്ള ക്യാമ്പെയിൻ ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here