ഉമാഭാരതിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു

മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാ ഭാരതിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടേതാണ് തീരുമാനം. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉമാഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഘടനയിൽ പ്രവർത്തിക്കാനാണ് താൽപര്യമെന്നും ഉമാ ഭാരതി അമിത് ഷായെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് നിയമനം. നിലവിൽ ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്നുള്ള എംപിയാണ് ഉമാ ഭാരതി.
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് ഉമാ ഭാരതി അറിയിച്ചിരുന്നതായി ബിജെപി യുടെ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കവേ കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞു. ഗോവ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ 48 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് രാത്രി പ്രഖ്യാപിച്ചത്.
കർണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. ഇവിടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുമലതയെ ബിജെപി പിന്തുണയ്ക്കും. അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും സിനിമാ താരവുമായ സുമലത കോൺഗ്രസിൽ നിന്നും സീറ്റ് കിട്ടാതിരുന്നതിനെ തുടർന്നാണ് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. മാണ്ഡ്യ സീറ്റ് വേണമെന്ന് സുമലത കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ് ഈ സീറ്റ് ജെഡിഎസിന് നൽകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here