നയന്‍താരക്കെതിരായ വിവാദ പരാമര്‍ശം; രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു

പൊതുവേദിയില്‍ നയന്‍താരക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന്‍ രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു. നയന്‍താര അഭിനയിച്ച കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ നീക്കുന്നതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ ഞാഴറാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

Read more:പൊതുവേദിയില്‍ നയന്‍താരയെ അധിക്ഷേപിച്ച് നടന്‍ രാധാ രവി; ആ വൃത്തികെട്ടവനെതിരെ നടപടിയെടുക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് വിഘ്‌നേഷ് ശിവന്‍

ഇന്നലെയായിരുന്നു കെലയുതിര്‍ കാലത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മുഖ്യാതിഥിയായി എത്തിയ രാധാ രവി പ്രസംഗിക്കുന്നതിനിടെയാണ് നയന്‍താരക്കെതിരെയും പൊള്ളാച്ചി പീഡനവുമായും ബന്ധപ്പെട്ട് മോശം പരാമര്‍ശം നടത്തിയത്. നയന്‍താരയെ സൂപ്പര്‍താരങ്ങളായ രജനികാന്ത്, എംജിആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു രാധാ രവിയുടെ പരാമര്‍ശം. അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തമിഴ്‌നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കും എന്നതാണ്. തമിഴ് സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു, അതേസമയം തന്നെ തെലുങ്കില്‍ സീതയായും അഭിനയിക്കുന്നുണ്ട്. തന്റെ ചെറുപ്പകാലത്ത് കെ ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാമെന്നും രാധാ രവി പറഞ്ഞിരുന്നു.

പൊള്ളാച്ചി പീഡനം സംബന്ധിച്ച രാധാ രവിയുടെ പ്രതികരണം ഇങ്ങെയായിരുന്നു, ‘ഇപ്പോള്‍ എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ ഫോണുണ്ട്. അതുകൊണ്ട് എന്തും എവിടെയും വച്ച് ആളുകള്‍ക്ക് ഷൂട്ട് ചെയ്യാനാകും. വലിയ ക്യാമറയുടെ ആവശ്യമില്ല. പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നുവെന്നും കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകള്‍ മറ്റെന്തു കാണും.’

പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുന്ന രീതിയിലും രാധാ രവി പ്രതികരണം നടത്തി. ഈ കാലത്ത് ബിഗ് ബജറ്റ് സ്‌മോള്‍ ബജറ്റ് സിനിമകള്‍ തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകില്ല. ഒരു സ്‌മോള്‍ ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന പോലെയാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണ്. അതാണ് വ്യത്യാസമെന്നും രാധാ രവി പറഞ്ഞിരുന്നു.


സംഭഴം വിവാദമായതിന് പിന്നാലെ രാധാ രവിയെ വിമര്‍ശിച്ച് സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഘ്‌നേഷ് ശിവന്‍ രംഗത്തെത്തിയിരുന്നു. വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുയരുന്ന ഈ വൃത്തികെട്ടവനെതിരെ നടപടിയെടുക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നത് കഷ്ടമാണെന്ന് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ ട്വീറ്റ് ചെയ്തിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More