ഡാമുകളിൽ ജലനിരപ്പ് പകുതിയിൽ താഴെ; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു

കൊടും ചൂടിനിടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. ഇന്നലെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡ് സൃഷ്ടിച്ചു. വേനലിനൊപ്പം ഡാമുകളിലെ ജലനിരപ്പ് താഴുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കേരളം കൊടുംചൂടിൽ വെന്തുരുകുമ്പോൾ വൈദ്യുതി ബോർഡിന്റെ നെഞ്ചിടിപ്പ് കൂട്ടി വൈദ്യുതി ഉപഭോഗം കത്തിക്കയറുന്നു. ഇന്നലെ മലയാളികൾ എരിച്ചു തീർത്തത് 84.21 ദശലക്ഷം യൂണിറ്റ് വൈദ്യുതി. ഉപഭോഗത്തിൽ സർവകാല റെക്കോഡാണിത്. ഇക്കഴിഞ്ഞ 19 ലെ 83.08 ദശലക്ഷം യൂണിറ്റിന്റെ റെക്കോഡാണ് ഇന്നലെ മറികടന്നത്. ഈ മാസം കെ എസ് ഇ ബി പ്രതീക്ഷിച്ചത് പ്രതിദിനം പരമാവധി 77.9 ദശലക്ഷം യൂണിറ്റിന്റെ ഉപഭോഗമാണ്. പീക്ക് അവറിലെ ഉപഭോഗത്തിലും ഇന്നലെ റെക്കോഡിട്ടു. 4194 മെഗാവാട്ടായിരുന്നു ഉപഭോഗം. ചൂടിനു പുറമേ ഐ പി എല്ലും തെരഞ്ഞെടുപ്പുമൊക്കെ വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായെന്ന് ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി എസ് പ്രശാന്ത്.
Read Also : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കും
ഡാമുകളിൽ ജലനിരപ്പ് പകുതിയിൽ താഴെയായി. ഇന്നലെ വരെയുള്ള കണക്കു പ്രകാരം ഡാമുകളിൽ 46.78 ശതമാനം വെള്ളമേയുള്ളൂ. ചരിത്രത്തിൽ ഏറ്റവുമധികം മഴ ലഭിച്ച കാലമായിട്ടും ഡാമുകളിൽ സ്ഥിതി ഇതാണ്. 1936.82 ദശലക്ഷം യൂണിറ്റ് വെള്ളമേ നിലവിൽ ഡാമുകളിലുള്ളൂ. പോയവർഷം ഇതേ ദിവസം 2027.07 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു. പ്രതിസന്ധി മറികടക്കാൻ 150 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കേരളം നടപടി തുടങ്ങിയിട്ടുണ്ട്. യൂണിറ്റിന് 7 രൂപക്ക് മുകളിൽ നൽകേണ്ടി വരുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here