തലസ്ഥാനത്ത് ഡ്രോൺ പറന്ന സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

തലസ്ഥാനത്ത് പോലീസ് ആസ്ഥാനത്തിന് മുകളിലുൾപ്പെടെ ഡ്രോണുകൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പോലീസ്. ഡ്രോൺ വിദേശനിർമ്മിത കളിപ്പാട്ടമാകാമെന്ന നിഗമനത്തിലാണ് പോലീസ്. പരിശോധനകളിൽ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും ഐ ജി അശോക് യാദവ് അറിയിച്ചു.
Read Also; സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ ഡ്രോൺ; പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു
കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ആസ്ഥാനത്തിനു മുകളിലൂടെയും തലസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സമീപവും ഡ്രോൺ പറന്നതായി കണ്ടെത്തിയിരുന്നു. നിരീക്ഷണ ക്യാമറകൾക്കും മുകളിലൂടെ പറന്നതിനാൽ മിക്ക ക്യാമറകളിലും ഡ്രോണിന്റെ ചിത്രം പതിഞ്ഞിരുന്നില്ല. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ നിരീക്ഷണ ക്യാമറയിൽ മാത്രമാണ് ഡ്രോൺ പതിഞ്ഞത്. വിദഗ്ദരുടെ സഹായത്തോടെ ഈ ദ്യശ്യങ്ങൾ പരിശോധിച്ചാണ് കളിപ്പാട്ടമാണെന്ന വിലയിരുത്തലിലേക്ക് പോലീസെത്തിയത്.
Read Also; തലസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളിൽ പറന്ന ഡ്രോണിനെ കണ്ടെത്താൻ ‘ ഓപ്പറേഷൻ ഉഡാൻ’ ആരംഭിച്ചു
ഇത്തരം കളിപ്പാട്ട ഡ്രോണുകൾക്ക് നാലു മുതൽ അഞ്ച് കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. കാഴ്ചയിലും സാധാരണ ഡ്രോണുകൾക്ക് സമാനമാണ് ഇത്തരം ഡ്രോണുകൾ. കളിപ്പാട്ട ഡ്രോൺ നിയന്ത്രിച്ചതാരാണെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ആഴ്ച്ച കോവളത്ത് കണ്ടത് റെയിൽവേയുടെ സർവ്വേയ്ക്കിടെ നഷ്ടപ്പെട്ട ഡ്രോണാകാമെന്ന സംശയവും പോലീസിനുണ്ട്. ഇക്കാര്യവും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊതുശല്യമുണ്ടാക്കിയതിന് പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here