പിസി ജോർജ് എൻഡിഎയിലേക്ക് ? ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി

പിസി ജോർജ് എൻഡിഎയിലേക്കെന്ന് സൂചന. മുന്നണി പ്രവേശനം ബന്ധിച്ച കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയെന്ന് പിസി ജോർജ് സ്ഥിരീകരിച്ചു. പത്തനം തിട്ടയിൽ മത്സരിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറിയെന്നും അഞ്ചുദിവസത്തിനുള്ളിൽ എൻഡിഎ പ്രവേശനം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും പിസി ജോർജ് പറഞ്ഞു.
കേരള ജനപക്ഷം രൂപീകരിച്ച ശേഷം രണ്ടാംതവണയാണ് പിസി ജോർജ് എൻഡിഎ മുന്നണി പ്രവേശനത്തിനായുള്ള ചർച്ചകൾ വീണ്ടും ആരംഭിച്ചത്. കോൺഗ്രസും യുഡിഎഫും അവഗണിച്ചതോടെ നിലനിൽക്കാൻ ഒരേയൊരു മാർഗ്ഗം എൻഡിഎ മുന്നണി പ്രവേശനം ആണെന്ന് തിരിച്ചറിവിലാണ് പുതിയ നീക്കം. ബിജെപി നേതൃത്വവുമായി ചർച്ചകൾ ആരംഭിച്ചെന്നും മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം അഞ്ചുദിവസത്തിനകം ഉണ്ടാകുമെന്നും പിസി ജോർജ് പറഞ്ഞു.
Read Also : പിസി ജോർജ് യുഡിഎഫിലേക്ക്
പാർട്ടി തീരുമാനപ്രകാരമാണ് പത്തനംതിട്ടയിൽനിന്ന് മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തതെന്നും പിസി വ്യക്തമാക്കി. ആചാര സംരക്ഷണത്തിന്റെ പേര് പറഞ്ഞാണ് പിസി ജോർജും കേരള ജനപക്ഷവും എൻ ഡി എയോടൊപ്പം കൂടാനൊരുങ്ങുന്നത്. കോൺഗ്രസ് മര്യാദകേട് കാണിച്ചെന്നു പറഞ്ഞാണ് നേരത്തെ കേരള ജനപക്ഷം 20 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് അറിയിച്ചത്. പി.സി ജോർജ് പത്തനംതിട്ടയിൽ കളത്തിലിറങ്ങുമെന്നും പ്രഖ്യാപിച്ചു. പിന്നാലെ ഒരിടത്തും മത്സരിക്കില്ല എന്ന നിലപാടറിയിച്ച പി.സി ജോർജ് വാർത്താ സമ്മേളനം വിളിച്ച് കോൺഗ്രസിനെതിരെ വീണ്ടും രംഗത്തുവന്നു. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പറഞ്ഞതോടെയാണ് മത്സരത്തിൽ നിന്ന് പിന്മാറിയതെന്നും പിന്നെയും കോൺഗ്രസ് വഞ്ചിച്ചെന്നുമായിരുന്നു ആരോപണം. വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും പുതിയ നീക്കം ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here