തൃശൂരിൽ തുഷാർ തന്നെ സ്ഥാനാർത്ഥി; എസ്എൻഡിപി ഭാരവാഹിത്വം ഒഴിഞ്ഞേക്കില്ല

തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. വയനാട്ടിലെ സ്ഥാനാർത്ഥിയായി പൈലി വാദ്യാട്ടിനെയും പ്രഖ്യാപിച്ചു. അതേ സമയം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ എസ്എൻഡിപി ഭാരവാഹിത്വം രാജിവെക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെപ്പറ്റിയുള്ള  ചോദ്യങ്ങളിൽ നിന്നും തുഷാർ ഒഴിഞ്ഞുമാറി.അത്തരമൊരു ആവശ്യത്തെപ്പറ്റി തനിക്ക് അറിയില്ലെന്നും അതു പറഞ്ഞവരോടു തന്നെ ചോദിക്കണമെന്നുമായിരുന്നു തുഷാറിന്റെ പ്രതികരണം. തുഷാർ എസ്എൻഡിപി ഭാരവാഹിത്വം ഒഴിഞ്ഞേക്കില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

തുഷാർ തന്നെയായിരിക്കും തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയാകുകയെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു . എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചേക്കുമെന്ന വിവരത്തെ തുടർന്നാണ് ബിഡിജെഎസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പിച്ചത്. വയനാട്ടിൽ രാഹുൽ മത്സരിക്കുകയാണെങ്കിൽ തുഷാർ അവിടെ മത്സരിക്കണമെന്നായിരുന്നു പാർട്ടിയുടെ തീരുമാനം. എന്നാൽ രാഹുലിന്റെ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് ബിഡിജെഎസ് രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതേ സമയം വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകുകയാണെങ്കിൽ അവിടെ നിശ്ചയിച്ചിരിക്കുന്ന സ്ഥാനാർത്ഥിയുടെ കാര്യത്തിൽ മാറ്റമുണ്ടാകുമെന്നും ബിഡിജെഎസ് നേതൃത്വം അറിയിച്ചു.

തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവർ നിർബന്ധം പിടിച്ചതിനെ തുടർന്നാണ് തുഷാർ മത്സരരംഗത്തിറങ്ങിയിരിക്കുന്നത്. നേരത്തെ തുഷാർ മത്സരിക്കുന്നതിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ എസ്എൻഡിപിയുടെ സ്ഥാനങ്ങൾ രാജിവെക്കണമെന്നും തുഷാറിന്റെ പ്രചാരണത്തിനായി താൻ ഇറങ്ങില്ലെന്നും വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top