കുഞ്ഞാലിക്കുട്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടർക്കാണ് രാവിലെ 11 മണിയോടെ പത്രിക സമർപ്പിച്ചത്. ജില്ലയിലെ യുഡിഎഫ് നേതാക്കൾക്കൊപ്പമെത്തിയാണ് കുഞ്ഞാലിക്കുട്ടി പത്രിക നൽകിയത്. മുന്നണി സ്ഥാനാർത്ഥികളിൽ  ഇതുവരെ പത്രിക സമർപ്പിച്ചവരിൽ രണ്ടാമത്തെയാളാണ് കുഞ്ഞാലിക്കുട്ടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

പത്തനംതിട്ട മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വീണാ ജോർജും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടിന് കളക്ടർ പി.ബി.നൂഹിനാണ് വീണ  നാമനിർദേശ പത്രിക സമർപ്പിക്കുക. കവടിയാറിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ കുടപ്പനക്കുന്നിലെത്തി അവിടെ നിന്ന് കാൽനടയായി കളക്ട്രേറ്റിലേക്കെത്തിയാണ് 12 മണിയോടെ കുമ്മനം രാജശേഖരൻ പത്രിക സമർപ്പിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top