ലൂസിഫർ സ്‌റ്റൈൽ പോസ്റ്ററുകൾ ഇറക്കി ഇടത് സ്ഥാനാർത്ഥി എഎം ആരിഫ്

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പോരിന് ഇത്തവണ ചില പ്രത്യേകതകളുണ്ട്. രാഷ്ട്രീയ വിഷയങ്ങളിലൂന്നിയുള്ള ആരോപണങ്ങൾക്കപ്പുറം ഇത്തവണ സ്ഥാാനാർത്ഥികളുടെ ഗ്ലാമറും, മെയ്ക്കപ്പുമൊക്കെ പ്രചാരണ ആയുധമാക്കികൊണ്ടാണ് മുന്നണികൾ പരസ്പരം കൊമ്പ് കോർക്കുന്നത്. ഏതായാലും ഈ ഗ്ലാമർ പോരാട്ടത്തിൽ മോഹൻലാലിന്റെ ലൂസിഫർ സ്‌റ്റൈൽ പോസ്റ്ററുകൾ ഇറക്കിയാണ് ഇടത് സ്ഥാനാർത്ഥി എഎം ആരിഫിന്റെ ഒടുവിലത്തെ മുന്നേറ്റം.
വിന്റേജ് ജപ്പിൽ മാസ് ലുക്കിൽ സാക്ഷാൽ ലാലേട്ടൻ, സ്റ്റീഫൻ നെടുമ്പള്ളിയായി ആരാധകരെ ആവേശം കൊള്ളിച്ച അതേ ലൂക്കിൽ സ്ഥാനാർത്ഥി ആരിഫും ഇറങ്ങി കഴിഞ്ഞു. ജീപ്പിന്റെ മുൻസീറ്റിൽ മോഹൻലാലിനെ അനുകരിച്ച് തോളൽപ്പം ചെരിച്ച്, വെള്ളയും വെള്ളയും ഇട്ട് ആരിഫ്. ജീപ്പിന്റെ മുന്നിലെ നെടുമ്പള്ളി എന്ന പേരിന് പകരം ആലപ്പുഴ എന്നും എഴുതിയിട്ടുണ്ട്. പ്രഥ്വിരാജിന്റെ ആദ്യ സംവിധായക സംരഭമായ ലൂസിഫർ ആദ്യ ദിനം കൊണ്ട് തന്നെ മികച്ച കളക്ഷൻ റെക്കോഡുമായി സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. അതുപോലെ ലൂസിഫർ ലുക്കിൽ പ്രചാരണം കൊഴുപ്പിക്കുന്ന ആലപ്പുഴയിലെ ഇടത് സ്ഥാനർത്ഥിയും ഒരു സൂപ്പർ ബമ്പർ വിജയം തന്നെയാണ് സ്വപ്‌നം കാണുന്നത്.
Read Also : ‘ഇപ്പോഴും മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തിയാണ് ഇന്ദ്രജിത്ത്’ : പൃഥ്വിരാജ്
നേരത്തെ ആരിഫിന്റെ ഗ്ലാമറും , മെയക്കപ്പുമൊക്കെ കളിയാക്കി രംഗത്തെത്തിയ കോൺഗ്രസ്, ഇത് തെരഞ്ഞെടുപ്പാണെന്നും സൗന്ദര്യ മൽസരമല്ല, രാഷ്ട്രീയം പ്രചാരണമാക്കണമെന്നുമൊക്കെ പറഞ്ഞിരുന്നതാണ്. ബാഹ്യ സൗന്ദര്യമല്ല രാഷ്ട്രീയത്തിലെ സൗന്ദര്യമാണ് തന്റെ പ്രചാരണ വഴിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോളും പ്രതികരിച്ചിരുന്നു. പലതരത്തലുള്ള കളർ ഷർട്ടുകളുമായി നിരന്ന ആരിഫിന്റെ പോസ്റ്ററുകൾക്കെതിരെയും മുൻ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂർ അടക്കമുള്ളവർ ആരോപണങ്ങൾ ഉന്നയിച്ചതോടെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് രംഗം ഗ്ലാമർ വിഷയത്തിലുള്ള പോരാട്ടം കൂടിയായി മാറിയിരിക്കുകയാണ്.
ഏതായാലും ലൂസിഫർ ലുക്കും, കളർ ചിത്രങ്ങളും ഇതിനെക്കുറിച്ചുള്ള ആരോപണങ്ങളുമെല്ലാം ആലപ്പുഴയിലെ ജനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here