Advertisement

മധ്യവേനലവധിക്ക് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തരുത്; സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു

March 30, 2019
Google News 1 minute Read

മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍. കൊടും ചൂടിന്റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പടുവിച്ചത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്.

എല്‍പി സ്‌കൂളുകള്‍ മുതല്‍ ഹയര്‍സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ വരെ ഉത്തരവ് പാലിക്കണം. മധ്യവേനലവധിക്ക് ക്യാമ്പുകളോ ശില്‍പശാലകളോ സംഘടിപ്പിക്കുന്നത് പരമാവധി 10 ദിവസമായി നിജപ്പെടുത്തി. ഇതിനായി മുന്‍കൂര്‍ അനുമതി നേടണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ബാലാവകാശകമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ മധ്യവേനലവധിക്ക് സ്‌പെഷ്യല്‍ ക്ലാസുകള്‍ തീരുമാനിച്ചിരിക്കെയാണ് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

Read more: കേരളം ചുട്ടുപൊള്ളുമ്പോള്‍ മധ്യവേനലവധി പോലും നല്‍കാതെ സ്‌കൂള്‍ അധികൃതര്‍; പഠന ‘ചൂടില്‍’ നട്ടംതിരിഞ്ഞ് വിദ്യാര്‍ത്ഥികള്‍

അതേസമയം, സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനം വരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ സൂര്യതാപം ഒഴിവാക്കാനായി പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 364 പേര്‍ക്കാണ് സൂര്യാതപത്തില്‍ പൊള്ളലേറ്റത്. 7 പേര്‍ക്ക് സൂര്യാഘാതവുമുണ്ടായി. 188 പേര്‍ക്ക് ഉയര്‍ന്ന താപം മൂലം ശരീരത്തില്‍ ചുവന്ന പാടുകള്‍ വന്നു. പാലക്കാട് ജില്ലയില്‍ 41 ഡ്രിഗ്രിയില്‍ നിന്ന് 38 ഡിഗ്രിയിലേക്ക് താഴ്ന്നു. പക്ഷെ ഈര്‍പ്പം ഉള്ളതിനാല്‍ ചൂട് കൂടുതല്‍ അനുഭവപ്പെടും.

കാലാവസ്ഥാ വകുപ്പിന്റെ താപസൂചിക പ്രകാരം തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിപ്പ് നല്‍കി.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here