സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധന : പൊലീസ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് പുറത്ത്

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധനയെന്ന് പൊലീസ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചതിൽ പടിപടിയായ വർധനവാണ് കേസുകളിൽ ഉള്ളത്. പോക്‌സോ കേസുകളുടെ കാര്യത്തിലും സമാനതകളില്ലാത്ത വർധനവാണ് കേരളത്തിൽ സംഭവിക്കുന്നത്.
2008 മുതൽ 2018 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്ത് കുട്ടികൾ ദിനംപ്രതി നേരിടുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാകും ലഭിക്കുക. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ 2008ൽ വെറും 549 കേസുകൾ മാത്രം രജിസ്റ്റർ ചെയ്ത സംസ്ഥാനത്ത് പത്ത് വർഷങ്ങൾക്കിപ്പുറം 2018ൽ അത് 4008 കേസുകളായി വർദ്ധിച്ചു. പീഡനക്കേസുകൾ 215 എണ്ണം മാത്രമാണ് 2008ൽ ഉണ്ടായതെങ്കിൽ 2018 ആയപ്പോഴേക്കും അത് 1204 ആയി ഉയർന്നു. 22 കുട്ടികൾക്കാണ് കഴിഞ്ഞ വർഷം മാത്രം വിവിധ സംഭവങ്ങളിലായി ജീവൻ നഷ്ടമായത്. 2569 മറ്റ് കേസുകളുടെ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടു.
പോക്‌സോ കേസുകളുടെ കാര്യത്തിൽ സംസ്ഥാനത്തെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന റിപ്പോർട്ടാണ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടേത്. 2018ൽ ആകെ 3174 കേസുകൾ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യുകയുണ്ടായി. മുൻ വർഷങ്ങളിലേതിനേക്കാൾ ഇരട്ടിയാണിത്. അതേസമയം 2019ലെ കണക്കുകൾ പുറത്ത് വന്നതോടെ ആശങ്ക കൂടുതൽ വർദ്ധിച്ചു കഴിഞ്ഞു. ഈ വർഷം ജനുവരി മാസത്തെ കേസുകൾ മാത്രം 269 എണ്ണം ആയിക്കഴിഞ്ഞു. തിരുവനന്തപുരം റൂറൽ, മലപ്പുറം, എറണാകുളം റൂറൽ എന്നിങ്ങനെയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here