വിമാനത്താവളത്തില്‍ ഡ്രോണ്‍ കണ്ടെത്തിയ സംഭവം; നൗഷാദിനെതിരെ കേസെടുത്തു

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ കണ്ടെത്തിയ സംഭവത്തില്‍ ശ്രീകാര്യം സ്വദേശി നൗഷാദിനെതിരെ കേസെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ വിമാനത്താവളത്തിന്റെ കാര്‍ഗോ ഏരിയയ്ക്ക് സമീപത്ത് നിന്നും സിഐഎസ്എഫ് കണ്ടെടുത്തത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശംഖുമുഖത്ത് നിന്നും നൗഷാദിനെ അറസ്റ്റ് ചെയ്തത്.

പൊതുശല്യമുണ്ടാക്കി, തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തി എന്നിങ്ങനെ രണ്ട് വകുപ്പുകളാണ് നൗഷാദിനെതിരെ നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളില്‍ ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സംഭവങ്ങളുമായി നൗഷാദിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് വലിയതുറ പൊലീസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും എഎസ്പി വ്യക്തമാക്കി.

വിദേശത്തുള്ള ബന്ധു നല്‍കിയതാണ് ഡ്രോണെന്നാണ് നൗഷാദ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. വിമാനത്താവളത്തിന് സമീപത്ത് വച്ച് നേരത്തെയും ഡ്രോണ്‍ പറത്തിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. നേരത്തെ കോവളം, കൊച്ചുവേളി ബീച്ചുകളിലും അര്‍ദ്ധരാത്രിയില്‍ ഡ്രോണ്‍ പറന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പാളയത്തും വിമാനത്താവളത്തിലും ഡ്രോണ്‍ സാന്നിധ്യം അറിയിച്ചതോടെയാണ് പൊലീസ് ഗൗരവമായി അന്വേഷണം ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top