സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ട്രഷറികള്‍ ഇന്ന് നിശ്ചലം

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ഇന്ന് ട്രഷറികള്‍ നിശ്ചലമാകും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം ട്രഷറി നിശ്ചലമാകുന്നത് അസാധാരണമാണ്. പണമില്ലാതെ ട്രഷറികള്‍ കാലിയായതാണ് പ്രതിസന്ധിക്കു കാരണം. എന്നാല്‍ ഇടപാടുകള്‍ നടന്ന ഇന്നലെ മാത്രം 4500 കോടിയുടെ ബില്ലുകള്‍ക്ക് പണം അനുവദിച്ചു.

സാമ്പത്തിക വര്‍ഷാവസാന ദിനമായ മാര്‍ച്ച് 31ന് ട്രഷറികളില്‍ പതിവിലും തിരക്ക് അനുഭവപ്പെടാറാണ് പതിവ്. തിരക്കുമൂലം 31ന് അര്‍ദ്ധ രാത്രിവരെ ട്രഷറികള്‍ പ്രവര്‍ത്തിക്കുന്നത് സാധാരണം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി സ്ഥിതി സങ്കീര്‍ണമാക്കി. സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിവസം ട്രഷറികള്‍ പണമില്ലാതെ നിശ്ചലം. ആഭ്യന്തര കണക്കെടുപ്പും മറ്റു നടപടിക്രമങ്ങളും മാത്രമായിരിക്കും ഇന്ന് ട്രഷറികളില്‍ നടക്കുക.

കോടിക്കണക്കിന് രൂപയുടെ ബില്ലുകള്‍ പാസാക്കാന്‍ ഉണ്ടെങ്കിലും ട്രഷറിയില്‍ പണമില്ലാത്തതിനാല്‍ ഇടപാടുകള്‍ മരവിപ്പിച്ചു. നാളെ മുതല്‍ ശമ്പളം നല്‍കി തുടങ്ങണം. ഇതിന് കേന്ദ്ര സഹായം മാത്രമാണ് ആശ്രയം. ഇന്നലെ വൈകിട്ട് 5 മണിവരെ ബില്ലുകള്‍ സ്വീകരിച്ചെങ്കിലും പണം നല്‍കിയിട്ടില്ല. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി വരും മാസങ്ങളില്‍ ആയിരിക്കും ഈ ബില്ലുകള്‍ പാസാക്കുക. എന്നാല്‍ ട്രഷറി ഇടപാടുകള്‍ നടന്ന ഇന്നലെ മാത്രം 22000 ബില്ലുകള്‍ പാസാക്കി. 4500 കോടിയുടെ ബില്‍ ഇന്നലെ മാത്രം പാസാക്കിയെങ്കിലും പ്ലാന്‍ ബില്ലുകള്‍ ഉള്‍പ്പെട്ടിട്ടില്ല. മാര്‍ച്ച് 27 ന് ശേഷം ലഭിച്ച പ്ലാന്‍ ബില്ലുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ കണക്കില്‍ ആയിരിക്കും ഇനി പണം അനുവദിക്കുക. സാമ്പത്തിക പ്രതിസന്ധി ഗുരുതരമെന്നാണ് കാലിയായ ട്രഷറികള്‍ നല്‍കുന്ന സൂചന

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top