വയനാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം; വിജയം ഉറപ്പെന്ന് ഡിസിസി

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. വയനാട്ടില്‍ യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് വയനാട് ഡിസിസി അധ്യക്ഷന്‍ ഐ വി ബാലകൃഷ്ണന്‍ പറഞ്ഞു. രാഹുല്‍ വന്നതില്‍ സന്തോഷം. രാഹുലിന്റെ വരവോടെ കേരളം തൂത്തുവാരാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐ വി ബാലകൃഷ്ണന്‍ പറഞ്ഞു.

Read more: രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ചു

എഐസിസിയും കെപിസിസിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കും പാര്‍ലമെന്റ് കമ്മിറ്റിക്കും നല്‍കിയ വാക്ക് പാലിച്ചു. കേരളത്തിന്റെ വികാരം മാത്രമല്ലിത്. സൗത്ത് ഇന്ത്യയിലെ പ്രവര്‍ത്തകുടെ വികാരം കൂടിയാണ് ഹൈക്കമാന്‍ഡും എഐസിസിയും യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആശങ്ക ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ചൂണ്ടിക്കാട്ടിയപ്പോള്‍ കാത്തിരിക്കാനാണ് എഐസിസി പറഞ്ഞത്. രാഹുല്‍ ഗാന്ധി വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമായെന്നും ഐ വി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

അല്‍പസമയം മുന്‍പാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവര്‍ ആന്റണിക്കൊപ്പം ഉണ്ടായിരുന്നു. കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധിയും ഹൈക്കമാന്‍ഡും അംഗീകരിക്കുകയായിരുന്നുവെന്ന് ആന്റണി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top