പെരിയ ഇരട്ടക്കൊലപാതകം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി

കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് ഹർജിക്കാർ. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി. ഉന്നത സിപിഎം നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് തങ്ങളുടെ മൊഴിയെടുക്കാന്‍ പൊലീസ് തയാറായതെന്ന് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ ബോധിപ്പിക്കുന്നു.

Read Also : പെരിയ ഇരട്ടക്കൊലപാതകം തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് സതീഷ് ചന്ദ്രന്‍

കാസര്‍കോട് എംപിയും എംഎല്‍എയും ഒന്നാം പ്രതിയായ പീതാംബരന്റെ വീട് സന്ദര്‍ശിച്ചതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച് നാലാം ദിവസം അന്വേഷണ ചുമതലയുള്ള എസ്പി റഫീഖിനെ എറണാക്കുളത്തേക്ക് സ്ഥലം  മാറ്റിയതും
ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഐ.ജി. എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചപ്പോള്‍ തന്നെ കുടുംബവും കോണ്‍ഗ്രസും എതിര്‍പ്പുന്നയിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസ് സിപിഎമ്മിനെ കുഴയ്ക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top