കോൺഗ്രസ്സ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോൺഗ്രസ്സ് ഇന്ന് പുറത്തിറക്കും. എഐസിസി ആസ്ഥാനത്ത് 12 മണിക്ക് നടക്കുന്ന പരിപാടിയിൽ ദേശീയ അധ്യക്ഷൻ‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പ്രകാശനം ചെയ്യുന്നത്. കാര്‍ഷിക കടം എഴുതി തള്ളല്‍, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നിർദേശങ്ങൾ തുടങ്ങിയവ പത്രികയില്‍ ഉണ്ടാകുമെന്നാണ് വിവരം. മിനിമം വരുമാന പദ്ധതിയായ ന്യായിന്റെ കൂടുതല്‍ വിവരങ്ങളും പത്രികയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനം. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പത്രികയില് ഉണ്ടാകും. തൊഴിലവസരങ്ങൾസൃഷ്ടിക്കാനുള്ള പദ്ധതികള്‍ക്ക് പത്രികയില്‍ ഊന്നല്‍ നല്‍കുമെന്ന് നേതാക്കള്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.

കര്‍ഷക കടം എഴുതി തള്ളല്‍, കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങള്‍, ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ താങ്ങുവില തുടങ്ങിയ വാഗ്ദാനങ്ങളും ഉണ്ടാകും. വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലേക്ക് കൂടുതല്‍ തുക വകയിരുത്തുമെന്ന വാഗ്ദാനവും ഉണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ 33 ശതമാനം വനിത സംവരണം കൊണ്ടുവരും, വനിത സംവരണ ബില്‍ പാസാക്കും എന്നീ വാഗ്ദാനങ്ങളും പത്രികയില്‍ ഇടം പിടിക്കും. ചരക്ക് സേവന നികുതി 18 ശതമാനത്തിൽ നിജപ്പെടുത്തും. നോട്ട് നിരോധനം ഉണ്ടാക്കിയ പ്രതിസന്ധികൾ മറികടക്കാനുമുള്ള നിര്‍ദേശങ്ങളും ഉണ്ടാകും.

ജുഡീഷ്യറിയിൽ ദളിത് ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ധിപ്പിക്കും, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം കൊണ്ട് വരും, ആള്‍ക്കൂട്ട ആക്രമണങ്ങളും വര്‍ഗീയ കലാപങ്ങളും തടയാന്‍ നിയമനിര്‍മ്മാണം തുടങ്ങിയവയും ഉള്‍പ്പെടുത്തിട്ടുണ്ട് എന്നാണ് വിവരം. പ്രകൃതി സംരക്ഷണം, അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് രക്തസാക്ഷി പദവി, ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ നടപടികൾ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്. മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആറ് മാസത്തെ ചർച്ചകൾക്ക് ഒടുവിൽ ആണ് പത്രിക തയ്യാറാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top