ട്രാന്‍സ്‌ജെന്‍ഡര്‍ ശാലുവിന്റെ മരണം; കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ചത് കഴുത്തില്‍ സാരി കുരുക്കിയതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയെന്ന് പ്രാഥമിക നിഗമനം. നേരത്തെ ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി വലയിലായതായും പൊലീസ് വ്യക്തമാക്കി. നടക്കാവ് പൊലീസിനാണ് അന്വേഷണ ചുമതല.
Read more: കോഴിക്കോട് ട്രാൻസ്‌ജെൻഡർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
കോഴിക്കോട് കെഎസ്ആര്‍ടിസിക്കു പിന്‍വശം യുകെഎസ് റോഡില്‍ ഇന്നലെയാണ് ട്രാന്‍സ്‌ജെന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈസൂര്‍ സ്വദേശിയും കണ്ണൂരില്‍ താമസക്കാരിയുമായ ഷാലുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മീഷ്ണര്‍ എ വി ജോര്‍ജ്ജ് സ്ഥലത്തെത്തി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.
തന്നെയാരോ ആക്രമിച്ചുവെന്ന പരാതിയുമായി ഞായറാഴ്ച ഷാലു കോഴിക്കോട്ടെ പുനര്‍ജനി സംഘത്തെ സമീപിച്ചിരുന്നു. മൈസൂരില്‍ നിന്ന് അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ഷാലു ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. ഷാലുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ എല്‍ജിബിടിക്യു സംഘടനകളുടെ മുന്‍കൈയില്‍ മിഠായിത്തെരുവില്‍ ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here