വിവാദ പരാമര്‍ശം; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നല്‍കി

വിവാദ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പരാതി നല്‍കി. ആലത്തൂര്‍ ഡിവൈഎസ്പി മുന്‍പാകെയാണ് രമ്യ പരാതി നല്‍കിയത്. സംഭത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് പരാതി നല്‍കിയതെന്ന് രമ്യ പറഞ്ഞു.
നിയമപരമായ വശങ്ങളിലൂടെ മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. എത്ര വലിയ നേതാവായാലും ആര്‍ക്കെതിരെ ആയാലും വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. പരാമര്‍ശം ആസൂത്രിതമായ നീക്കത്തിന്റെ ഫലമാണ്. സ്ത്രീകള്‍ക്ക് വേണ്ടി ഇവിടെ വനിതാ കമ്മീഷനുണ്ട്. എന്നാല്‍ വനിതാ കമ്മീഷന്‍ പോലും മൗനം പാലിക്കുകയാണ്. അത് എന്തുകൊണ്ടാണെന്ന് കണ്ടറിയണമെന്നും രമ്യ പറഞ്ഞു.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും നവോത്ഥാനത്തിനും വേണ്ടി വാതോരാതെ സംസാരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ കണ്‍വീനര്‍ അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇത് സംബന്ധിച്ച് ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജുവിന്റെ പ്രതികരണത്തില്‍ ഖേദം തോന്നി. ഇടതുപക്ഷത്തെ താന്‍ ആക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. തെറ്റ് സമ്മതിക്കാന്‍ മുഖ്യമന്ത്രി പോലും തയ്യാറായില്ല. സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇനി ഒരാള്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുതെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here