കോണ്‍ഗ്രസ് ദക്ഷിണേന്ത്യക്കൊപ്പമാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയോട് വൈരാഗ്യത്തോടെ പെരുമാറുന്നുവെന്ന അതിശക്തമായ വികാരം അവിടുത്തെ ജനങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ദക്ഷിണേന്ത്യക്കൊപ്പമുണ്ടെന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് താന്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റന്നാള്‍ വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന രാഹുല്‍ ഗാന്ധിയെ സഹോദരിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും അനുഗമിക്കും.

രാജ്യത്തിന്റെ ഭാഗദേയം നിര്‍ണയിക്കുന്നതില്‍ ദക്ഷിണേന്ത്യയിലെ ജനങ്ങളെ ബിജെപി പങ്കാളികളാക്കുന്നില്ലെന്ന വികാരമാണ് അവിടെയുള്ള ജനങ്ങള്‍ക്കുള്ളത്. ദക്ഷിണേന്ത്യ ഉത്തരേന്ത്യ എന്ന വേര്‍തിരിവ് ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടെന്ന സന്ദേശം നല്‍കണമെന്ന ആവശ്യം നേതാക്കളില്‍ നിന്നുണ്ടായി. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Read more: രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കയും വയനാടെത്തും

സിറ്റിങ് സീറ്റായ അമേഠിയില്‍ തോല്‍ക്കുമെന്ന ഭയമുള്ളതിനാലാണ് രണ്ടാമത്തെ മണ്ഡലമായ വയനാട് തെരഞ്ഞെടുത്തതെന്ന പരിഹാസത്തിനും ഹിന്ദുക്കളേക്കാള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി പോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിനുമുള്ള മറുപടിയയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം.

ദക്ഷിണേന്ത്യയുടെ ഒപ്പം നില്‍ക്കുമെന്ന സന്ദേശം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. നാളെ വൈകീട്ടോടു കൂടി കോഴിക്കോട് എത്തുന്ന രാഹുല്‍ ഗാന്ധി മറ്റന്നാള്‍ പത്രിക സമര്‍പ്പിക്കുന്നതിനായി വയനാട്ടിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം. സുരക്ഷ ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാല്‍ രാഹുലും പ്രിയങ്കയും ഒരുമിച്ചായിരിക്കും റോഡ് ഷോയില്‍ പങ്കെടുക്കുക. നേരത്തെ നിശ്ചയിച്ച ഉത്തര്‍പ്രദേശ് സന്ദര്‍ശനം ഒഴിവാക്കിയാണ് പ്രിയങ്ക രാഹുലിനൊപ്പം വയനാട്ടിലെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top