പ്രവചനങ്ങള്‍ക്കുമപ്പുറം കണ്ണൂരിന്‍റെ ഭാവി

അറിഞ്ഞുചെയ്യാം വോട്ട്-2
നിങ്ങളുടെ ലോക്സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി
“ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍”
വള്ളത്തോളിന്റെ ഈ വരികളെ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ അല്‍പമൊന്നു മാറ്റി പാടുന്നത് ഉചിതമായിരിക്കും.
ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
‘കണ്ണൂരെ’ന്ന് കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍…
പറഞ്ഞുവരുന്നത് അത്രമേല്‍ തീവ്രമാണ് കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലം എന്നു തന്നെ. രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ കണ്ണൂരോളം പേരുകേട്ട മറ്റൊരു ജില്ല കേരളത്തില്‍ ഉണ്ടാവില്ല. അത്രയ്ക്ക് ആഴവും പരപ്പുമുണ്ട് കണ്ണൂരിലെ രാഷ്ട്രീയത്തിന്. ചെങ്കോട്ട എന്നാണ് പൊതുവെ കണ്ണൂര്‍ ജില്ല അറിയപ്പെടുന്നത്. എങ്കിലും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് യുഡിഎഫ് തന്നെയാണെന്ന് പറയാതിരിക്കാന്‍ ആവില്ല. പ്രവചനങ്ങള്‍ക്കും അതീതമായ ഒരു മത്സരത്തിനാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം ഇത്തവണ വേദിയാകുന്നത്. ‘പൊരിഞ്ഞ പോരാട്ടമായിരുന്നു’ എന്ന് പറയേണ്ടിവരും മത്സരശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക്.
തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, മട്ടന്നൂര്‍, ധര്‍മ്മടം, പേരാവൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കൂടിച്ചേരുന്നതാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം. 12,12,678 വോട്ടര്‍മാരുണ്ട് കണ്ണൂര്‍ മണ്ഡലത്തില്‍. ഇതില്‍ 5,70,043 പുരുഷ വോട്ടര്‍മാരും 6,42,633 സ്ത്രീ വോട്ടര്‍മാരും രണ്ട് തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 1,92,699 വോട്ടര്‍മാരുള്ള തളിപ്പറമ്പ് തന്നെയാണ് എണ്ണത്തില്‍ മുമ്പില്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഇരിക്കൂര്‍, പേരാവൂര്‍ എന്നീ മണ്ഡലങ്ങള്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ കൈകളിലും അഴീക്കോട് മുസ്ലീം ലീഗിന്റെ പക്ഷത്തും കണ്ണൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ്(സെക്കുലര്‍)ന്റെ പക്ഷത്തുമാണ്. തളിപ്പറമ്പ്, ധര്‍മ്മടം, മട്ടന്നൂര്‍ എന്നീ നിയമ സഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫാണ് അധികാരത്തിലുള്ളത്. നിലവിലുള്ള ഈ രാഷ്ട്രീയ സാഹചര്യം ലോക്‌സഭാ തെരഞ്ഞടുപ്പിലും അനുകൂല- പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്.
1977 മുതലാണ് കണ്ണൂര്‍ എന്ന ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പില്‍ സജീവമാകുന്നത്. അതിനുമുമ്പ് 1951 ലും, 57 ലും 62 ലും കാനന്നൂര്‍ എന്നായിരുന്നു ലോക്‌സഭാ മണ്ഡലത്തിന്റെ പേര്. കണ്ണൂര്‍ എന്ന മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പ് ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, എടക്കാട്, കൂത്തുപറമ്പ്, പേരാവൂര്‍, നോര്‍ത്ത് വയനാട് എന്നീ നിയമസഭാ മണ്ഡലങ്ങളായിരുന്നു കണ്ണൂര്‍ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്. എന്തായാലും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലേക്കുതന്നെ കടക്കാം.
1977 മുതല്‍ 2014 വരെ നടന്നിട്ടുള്ള 11 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനോടൊപ്പമായിരുന്നു കണ്ണൂരിന്റെ കൂറ്. 77 -ല്‍ വിജയിക്കാനായില്ലെങ്കിലും 1980 -ല്‍ നടന്ന ഇലക്ഷനില്‍ കെ കുഞ്ഞമ്പുവിലൂടെ വലത്തുപക്ഷം ചരിത്രമെഴുതി. ശേഷം 1984 മുതല്‍ 1998 വരെ നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിലും മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ കോണ്‍ഗ്രസ് നേടിയ വിജയം ചരിത്രത്താളുകളില്‍ പോലും ഇടം നേടിയിട്ടുണ്ട്. തുടര്‍ന്നുവന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും വലത്തുപക്ഷത്തിന് നഷ്ടങ്ങളായിരുന്നു. 2009 -ല്‍ കെ സുധാകരനിലൂടെ കണ്ണൂര്‍ ലോക്‌സഭയില്‍ വീണ്ടും കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്. ഒടുവില്‍ 2014 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് പതറി.
2009 -ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ രാഗേഷിനെതിരെ പൊരുതി വിജയിച്ച കെ സുധാകരനെ തന്നെ രംഗത്തിറക്കാനാണ് ഇത്തവണ യുഡിഎഫിന്റെ തീരുമാനം. മുസ്ലീം ലീഗിന്റെ ഉറച്ച പിന്തുണയും കോണ്‍ഗ്രസിന് ഇത്തവണ പ്രതീക്ഷ പകരുന്നുണ്ട്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബിന്റെ കൊലപാതകത്തിലുള്ള ഇടത്തുപക്ഷ പങ്കിനെക്കുറിച്ചുള്ള ആരോപണമാണ് യുഡിഎഫിന്റെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണായുധം.
അതേസമയം ബിജെപി ഇതുവരെയും കണ്ണൂര് അക്കൗണ്ട് തുറന്നിട്ടില്ല. എങ്കിലും മുതിര്‍ന്ന ബിജെപി അംഗമായ സികെ പത്മനാഭനെയാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. 2014 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെ വേട്ടിന്റെ 5.45 ശതമാനം അതായത് 51,636 വോട്ട് മാത്രമാണ് കണ്ണൂരുനിന്നും ബിജെപിക്ക് നേടാനായത്. എന്നാല്‍ നിലവിലുള്ള ദേശീയതല രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി മറ്റ് മുന്നണികള്‍ക്ക് കടുത്ത പ്രതിയോഗിതന്നെ. ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ശബരിമല വിഷയം തന്നെ ആയുധമാക്കിയാണ് ബിജെപിയുടെ പ്രചരണം.
ഇടത്തുപക്ഷവും വലത്തു പക്ഷവും കഴിഞ്ഞതവണത്തെ സ്ഥാനാര്‍ത്ഥികളെതന്നെ ഈ തെരഞ്ഞെടുപ്പിലും മത്സരരംഗത്തിറക്കുന്നു എന്നതു കൗതുകവും ഒപ്പം ആവേശം പകരുന്നതുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 4,27,622 വോട്ടുകള്‍ ഇടത്തുപക്ഷം നേടിയപ്പോള്‍ 4,21,056 വോട്ട് വലത്തുപക്ഷവും നേടി. 6566 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഫിന്റെ വിജയം. മൂന്നു മുന്നണികളും പോരാട്ടവീര്യം ചോരാതെ അങ്കത്തട്ടിലേക്കിറങ്ങുമ്പോള്‍ കണ്ണൂര്‍ലോക്‌സഭാ മണ്ഡലത്തിന്റെ അന്തിമവിജയം ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here