“എനിക്കെവിടെ ഫാൻസ്? ഞാൻ തന്നെ വെച്ചതല്ലേ, 15000 രൂപയായി ഒരു കട്ടൗട്ടിന്”: വൈറലായ ആ കട്ടൗട്ടിന്റെ കഥ പറഞ്ഞ് ബൈജു

നാദിർഷ സംവിധാനം ചെയ്ത മേരാ നാം ഷാജി എന്ന സിനിമ ഇന്ന് റിലീസാവുകയാണ്. റിലീസിനു മുന്നോടിയായി സംവിധായകനൊപ്പം ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട നടൻ ബൈജുവിൻ്റെ വെളിപ്പെടുത്തൽ ചിരിയുണർത്തുകയാണ്. തിരുവനന്തപുരത്ത് ബൈജുവിൻ്റെ വലിയ രണ്ട് കട്ടൗട്ടുകൾ ഉയർന്നത് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. ആ കട്ടൗട്ടുകൾ താൻ തന്നെ വെച്ചതാണെന്നായിരുന്നു ബൈജുവിൻ്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ഒരു തീയറ്റർ പരിസരത്ത് പ്രത്യക്ഷപ്പെട്ട ബൈജുവിൻ്റെ വലിയ കട്ടൗട്ടുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. സൂപ്പർ താരങ്ങളുടേതല്ലാത്ത കട്ടൗട്ടുകൾ വെക്കാനും ആരാധകർ സമയം കണ്ടെത്തുന്നു എന്നത് നല്ല കാര്യമാണെന്നായിരുന്നു സോഷ്യൽ മീഡിയയുടെ പ്രതികരണം. കട്ടൗട്ടുകൾ സ്ഥാപിക്കാൻ മനസ്സ് കാണിച്ച ആരാധകരെ അഭിനന്ദിക്കാനും സോഷ്യൽ മീഡിയ മറന്നില്ല. എന്നാൽ ഈ വാദങ്ങളെയാണ് ബൈജു പൊളിച്ചടുക്കിയത്.
ലൈവിൻ്റെ അവസാന ഭാഗത്താണ് നാദിർഷ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട ഫ്ലക്സുകളെപ്പറ്റി ബൈജുവിനോട് സൂചിപ്പിച്ചത്. ഇതിനു മറുപടി ആയായിരുന്നു ബൈജുവിൻ്റെ വെളിപ്പെടുത്തൽ. “അത് ഞാൻ കാശു മുടക്കി വെച്ചതല്ലേ. എനിക്ക് ഫാൻസൊന്നും ഇല്ലല്ലോ. 15000 രൂപയായി ഒരു കട്ടൗട്ടിന്”- ഇങ്ങനെയായിരുന്നു ബൈജുവിൻ്റെ പ്രതികരണം.
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ചിത്രങ്ങൾക്കു ശേഷം നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് മേരാ നാം ഷാജി. കേരളത്തിലെ മൂന്ന് ജില്ലകളിലുള്ള ഷാജിമാർ ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടു മുട്ടുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ബൈജുവിനൊപ്പം ആസിഫ് അലി, ബിജു മേനോൻ എന്നിവരാണ് ബിജുമാരെ അവതരിപ്പിക്കുന്നത്. നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഗണേഷ് കുമാര്‍, ധര്‍മജന്‍, രഞ്ജിനി ഹരിദാസ്, ഷഫീഖ് റഹ്മാന്‍, ജോമോന്‍, സാദിഖ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here