അതിരൻ റിലീസിനൊരുങ്ങുന്നു; മത്സരം മധുരരാജയുമായി

ഫഹദ് ഫാസിൽ നായകനായെത്തുന്ന അതിരൻ ഈ മാസം 12നു തീയറ്ററുകളിലെത്തും. മമ്മൂട്ടിച്ചിത്രം മധുരരാജയോടൊപ്പമാണ് ചിത്രത്തിൻ്റെ റിലീസ്. ഒരു ഹൊറർ ചിത്രമെന്ന സൂചനയുണർത്തി റിലീസായ ചിത്രത്തിൻ്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഫഹദ് ഫാസിലിനൊപ്പം സായ് പല്ലവി മുഖ്യ കഥാപാത്രത്തിലെത്തുന്ന അതിരൻ ഒരു ഇമോഷണൽ റൊമാൻ്റിക്ക് ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ.

മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ സായ് പല്ലവി അവതരിപ്പിക്കുന്നത്. ഒരു ഡോക്ടർ ആയാണ് ചിത്രത്തിൽ ഫഹദ് വേഷമിടുന്നത്. ഫഹദും സായ് പല്ലവിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് അതിരൻ. ഫഹദിനൊപ്പം നടന്‍ പ്രകാശ് രാജും സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതുല്‍ കുല്‍ക്കര്‍ണി, സുരഭി ലക്ഷ്മി, സുദേവ് നായര്‍, രഞ്ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ എന്നിവരാണ് അതിരനിലെ മറ്റ് താരങ്ങള്‍.

അന്തർദേശീയ ശ്രദ്ധ നേടിയ ഈ.മ.യൗവിനു ശേഷം പിഎഫ് മാത്യൂസ് തിരക്കഥ രചിക്കുന്ന ചിത്രമെന്ന പ്രത്യേകതയും അതിരനുണ്ട്. ഊട്ടിയുടെ പശ്ചാത്തലത്തിൽ നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ പുറത്തിറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top