കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ അവിശുദ്ധ ബന്ധം; വിവാദ പരാമര്‍ശവുമായി വീണ്ടും യോഗി ആദിത്യനാഥ്

കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസും മുസ്ലീംലീഗും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ സൂചനയാണെന്ന് ആദിത്യനാഥ് പറഞ്ഞു. കോണ്‍ഗ്രസിന് കേരളത്തില്‍ മുസ്ലീം ലീഗുമായും അസമില്‍ എഐയുഡിഎഫുമായും ഉള്ള സഖ്യം രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടാണെന്ന് ആദിത്യനാഥ് ആരോപിച്ചു.

കഴിഞ്ഞ ദിവസം രാഹുല്‍ വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ മുസ്ലീം ലീഗിനെതിരെ ആരോപണവുമായി ആദിത്യനാഥ് രംഗത്തുവന്നിരുന്നു. മുസ്ലിം ലീഗ് ഒരു വൈറസാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നും ആദിത്യനാഥ് ട്വിറ്ററിലാണ് പറഞ്ഞത്. വെറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ല. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ആ വൈറസ് ഇപ്പോള്‍ത്തന്നെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.

ഇതിനെതിരെ മുസ്ലീം ലീഗ് നേതാക്കള്‍ തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top