മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവരുടെ പ്രതിഷേധം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ ചെങ്ങന്നൂരിൽ തട്ടിപ്പിനിരയായവരുടെ പ്രതിഷേധം. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ബാങ്ക് നടപടി നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവർ വീണ്ടും കോടതിയെ സമീപിച്ചു.

ചെങ്ങന്നൂർ പെരിങ്ങിലിപ്പുറം എസ്എൻഡിപി ശാഖയിലെ അംഗങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ ചെങ്ങന്നൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ശാഖയിലെ അഞ്ച് യൂണിറ്റുകളുടെ 20 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. അംഗങ്ങളുടെ രേഖകൾ അനുമതിയില്ലാതെ കൈമാറി കോഴഞ്ചേരിയിലെ ബാങ്കിൽ നിന്ന് വായ്പയെടുത്തും തട്ടിപ്പ് നടത്തിയെന്നും എസ്എൻഡിപി യ്ക്കെതിരെ ആക്ഷേപമുണ്ട്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടുള്ളവരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. ബാങ്കിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് എസ്എൻ‍ഡിപി ശാഖയിലാണ് യൂണിയൻ അംഗങ്ങൾ അടച്ചതെ്ന്നും തിരിച്ചടവ് കഴിഞ്ഞിട്ടും ബാങ്കിൽ നിന്ന് നോട്ടീസ് വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം തട്ടിപ്പിനിരയായവര്‍ മനസ്സിലാക്കിയതെന്നും പരാതിക്കാർ പറയുന്നു. വിവിധ എസ്എൻ‍ഡിപി ശാഖകളിലായി ആറുകോടി രൂപയുടെ മൈക്രോ ഫിനാൻസ് തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് യൂണിയൻ അംഗങ്ങളുടെ പരാതിയിൽ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top