ഭീകരവാദം പ്രശ്നമില്ലെങ്കിൽ സുരക്ഷ വേണ്ടെന്ന് വെക്കാൻ സുഷമ

രാജ്യത്തിന്റെ പ്രധാന പ്രശ്നം ഭീകരവാദമല്ലെന്നും തൊഴിലില്ലായ്മയാണെന്നുമുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാക്കുകളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര സർക്കാർ. രാഹുലിന് ഭീകരവാദം പ്രശ്നമല്ലെങ്കിൽ അദ്ദേഹത്തിന് ലഭിക്കുന്ന എസ്പിജി സുരക്ഷ വേണ്ടെന്ന് വയ്ക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ഹൈദരാബാദിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവേയായിരുന്നു സുഷമയുടെ വിമർശനം.
“രാഹുലിന് ഭീകരവാദം ഒരു പ്രശ്നമല്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ എന്തിനാണ് താങ്കൾക്ക് എസ്പിജി സുരക്ഷ. അത് വേണ്ട എന്ന് എഴുതി നൽകൂ. രാജീവ് ഗാന്ധി വധത്തിനു ശേഷം താങ്കളുടെ കുടുംബാംഗങ്ങൾ എല്ലാം തന്നെ സുരക്ഷാവലയത്തിനുള്ളിലാണ്. അങ്ങനെയിരിക്കെ, രാജ്യത്ത് ഭീകരവാദമേയില്ല എന്നാണ് താങ്കളുടെ അഭിപ്രായമെങ്കിൽ സുരക്ഷ വേണ്ടെന്നു വയ്ക്കണം”- സുഷമ പറഞ്ഞു.
പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ സൈനിക നടപടിക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ, നമ്മുടെ പ്രതിപക്ഷ പാർട്ടികൾ അതിനെ കണക്കറ്റ് വിമർശിക്കുകയാണ് ചെയ്തതെന്നും സുഷമ കുറ്റപ്പെടുത്തി. ജെയ്ഷ്- ഇ- മുഹമ്മദിനെതിരായി നടത്തിയ ആക്രമണത്തിന്റെ ക്രെഡിറ്റ് ബിജെപി ഒറ്റയ്ക്ക് നേടും എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നതെന്നും ഇത് തീർത്തും ബാലിശമാണെന്നും അവർ കൂട്ടിച്ചേർത്തു.
ബിജെപി സർക്കാർ ചെയ്ത നടപടികളെ വിമർശിക്കുന്നവർ 2008ൽ മുബൈ ഭീകരാക്രമണം നടന്നപ്പോൾ യുപിഎ സർക്കാർ എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിച്ചില്ല എന്ന് ആലോചിക്കണമെന്നും സുഷമ ഓർമ്മപ്പെടുത്തി. സുരക്ഷ, വികസനം, ക്ഷേമം എന്നീ മൂന്ന് പ്രധാന മുദ്രാവാക്യങ്ങളുയർത്തിയാണ് ബിജെപിയും എൻഡിഎയും 2019ലെ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here