‘ജുവൽ ഓഫ് ദ ക്രീക്ക്’ പദ്ധതിയുടെ 80 ശതമാനം റോഡുകളും പണി പൂർത്തിയായി

അൽ മക്തൂം ഫ്ളോട്ടിങ് ബ്രിഡ്ജുകൾക്കിടയിലായി സജ്ജമാക്കുന്ന ‘ജുവൽ ഓഫ് ദ ക്രീക്ക്’ പദ്ധതിയുടെ 80 ശതമാനം റോഡുകളും പണി പൂർത്തിയായി. ദുബൈ റോഡ് ഗതാഗത അതോറിറ്റി ഡയറക്ടർ ജനറൽ മത്താർ അൽ തായറാണ് ഈ വിവരം അറിയിച്ചത്.
ദുബൈ ക്രീക്കിന്റെ തീരത്ത് നഗരത്തിെൻറ പ്രൗഢിയും വിനോദസഞ്ചാര മികവും വിളിച്ചോതുന്ന പദ്ധതിയുടെ റോഡ്, അടിപ്പാത നിർമാണം ജൂൺ അവസാനത്തോടെ പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 1.4 കിലോ മീറ്റർ ദൈർഘ്യമുള്ള തുരങ്കങ്ങളും ഏഴു കിലോമീറ്റർ നീളമുള്ള റോഡുമാണ് നിർമിക്കുന്നത്.
ബനീയാസ് സ്ട്രീറ്റ്, ഇത്തിഹാദ് സ്ട്രീറ്റ് എന്നിവയുമായി ബന്ധിപ്പിച്ചാണ് പദ്ധതിയുടെ നിർമാണം. കാൽനടക്കാരുടെ സൗകര്യാർഥം ബനിയാസ് സ്ട്രീറ്റിനു മുകളിലായി 81 മീറ്റർ നീളമുള്ള മേൽപാലവും നിർമിക്കുന്നുണ്ട്. ഈ വർഷം അവസാന പാദത്തിൽ മേൽപാലവും അനുബന്ധ സൗകര്യങ്ങളും തയ്യാറാവും.
ദുബൈ ഇന്റർനാഷനൽ റിയൽ എസ്റ്റേറ്റുമായി ചേർന്ന് ഒരുക്കുന്ന പദ്ധതി 125,675 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ്. 438 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടൽ, 756 അപാർട്മെന്റുകളുള്ള നാല് താമസ കേന്ദ്രങ്ങൾ, 20 ഭക്ഷണശാലകൾ, തടാകം, 65 ബെർത്തുകളുള്ള മറീന, 403 മുറികളുള്ള ചതുർ നക്ഷത്രഹോട്ടൽ, 405 മുറികളുള്ള ത്രിനക്ഷത്ര ഹോട്ടൽ, മിനിമാൾ, 6000 വാഹനങ്ങൾക്ക് പാർക്കിങ് സ്ഥലം എന്നിവയുൾക്കൊള്ളുന്ന പദ്ധതി അറബി ഇസ്ലാമിക് രൂപകൽപനയിലാണ് തയ്യാറാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here