കുവൈറ്റിൽ വിദേശികളുടെ താമസ കാലാവധി പരിധി 5 വർഷമായി പരിമിതപ്പെടുത്തുന്നു

കുവൈറ്റിൽ വിദേശികളുടെ താമസ കാലാവധി പരിധി 5 വര്ഷമായി പരിമിതപ്പെടുത്തുന്നതിന് ഉന്നത സമിതി നിർദേശിച്ചു. ഉന്നത സമിതിയുടെ നിർദേശം സർക്കാർ പരമ പരിഗണന നൽകി തുടർ നീക്കങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
പുതിയതായി രാജ്യത്ത് എത്തുന്ന വിദേശ തൊഴിലാളികളുടെ താമസം 5 വർഷമായി പരിമിതപ്പെടുത്തണമെന്നും, രാജ്യത്തെ ജനസംഖ്യ അസന്തുലിതാവസ്ഥ വിദേശികളും സ്വദേശികളും തമ്മിലുള്ള അന്തരം വർദ്ധിച്ചു വരുന്നത് കൂടി കണക്കിലെടുത്താണെന്നും സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഉചിതമായ നടപടി സ്വീകരിക്കണമെന്നും സമിതി മന്ത്രിസഭയോട് ആവശ്യപ്പെട്ടു. വിദേശ തൊഴിലാളികളെ റിക്രൂട് ചെയ്യുമ്പോൾ നിശ്ചിതമായ താമസ കാലാവധി 5 വര്ഷമാണെന്നും, കാലാവധി കഴിയുന്നതോടെ രാജ്യം വിടണമെന്നും കൃത്യമായി തൊഴിൽ കരാറിൽ വ്യക്തമാക്കുന്ന നിയമ നിർമ്മാണത്തിനാണ് ഉന്നത സമിതി മന്ത്രിസഭയോട് ശുപാര്ശ ചെയ്തിട്ടുള്ളത്. 5 വർഷം പൂർത്തിയാകുന്ന വിദേശ തൊഴിലാളിയെ ഒരു കാരണത്താലും രാജ്യത്ത് തുടരാൻ അനുവദിക്കുന്നതല്ല.
രാജ്യത്തെ ജനസംഖ്യ അസന്തുലിതാവസ്ഥ കണക്കിലെടുത്തു കർശന നടപടിക്കാണ് സമിതി ആവശ്യപ്പെടുന്നത്. വിദേശ ജനസംഖ്യ 30 ലക്ഷത്തിലേറെയാണ്. സ്വദേശികൾ 14 ലക്ഷവുമാണ്. ഈ അന്തരം തുടരാൻ അനുവദിക്കരുതെന്നും സമിതി മന്ത്രിസഭക്ക് നൽകിയ ശുപാർശയിൽ വ്യക്തമാക്കുന്നു.
പുതിയ നിയന്ത്രണം പ്രാബല്യത്തിലാകുന്നതോടെ കുവൈറ്റിൽ വിദേശികളുടെ നില പരുങ്ങലിലാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here