Advertisement

അഫ്ഗാൻ ക്യാപ്റ്റനെ മാറ്റിയതിനെതിരെ റാഷിദ് ഖാനും മുഹമ്മദ് നബിയും; ടീമിൽ പടലപ്പിണക്കം

April 8, 2019
Google News 9 minutes Read

ലോകകപ്പിന് തൊട്ട് മുമ്പ് നായകന്‍ അസ്ഗര്‍ അഫ്ഗാനെ മാറ്റിയതിനെ ചൊല്ലി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പടലപ്പിണക്കം. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയ്‌ക്കെതിരെ പ്രധാന താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ഇവര്‍ പരസ്യമായി പ്രതികരിച്ചത്.

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ക്യാപ്റ്റനെ മാറ്റിയ നടപടി നിരുത്തരവാദപരവും പക്ഷപാതവുമാണെന്ന് റാഷിദ് പ്രതികരിച്ചു. അസ്ഗർ അഫ്ഗാൻ ക്യാപ്റ്റനായി തുടരണമെന്നാവശ്യപ്പെട്ട റാഷിദ് ഈ ഘട്ടത്തിൽ ക്യാപ്റ്റനെ മാറ്റുന്നത് ടീമംഗങ്ങളുടെ ധാർമ്മികതയെയെക്കൂടി ബാധിക്കുമെന്നും ട്വിറ്ററിൽ കുറ്റപ്പെടുത്തി. അസ്ഗർ അഫ്ഗാൻ്റെ നായകത്വം ടീം വിജയങ്ങളിൽ വലിയ പങ്കു വഹിച്ചിരുന്നുവെന്നും റാഷിദ് തൻ്റെ ട്വിറ്റർ ഹാൻഡിലൂടെ പറഞ്ഞു.


ക്രിക്ബസ്സിൻ്റെ ന്യൂസ് റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു മുഹമ്മദ് നബിയുടെ ട്വീറ്റ്. ലോകകപ്പിന് ഒരു മാസം മുൻപ് ക്യാപ്റ്റനെ മാറ്റുന്നത് തനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം.


അഫ്ഗാൻ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കളിക്കാരായ റാഷിദും നബിയും ക്രിക്കറ്റ് ബോർഡിനെതിരെ പരസ്യ നിലപാടെടുത്തത് ബോർഡിന് സമ്മർദ്ദമുണ്ടാക്കിയേക്കും. നിലവിൽ ഇരുവരും ഐപിഎൽ ടീം സൺ റൈസേഴ്സ് ഹൈദരാബാദിൽ കളിക്കുകയാണ്.

നാല് വര്‍ഷമായി മൂന്ന് ഫോര്‍മാറ്റുകളിലും അസ്ഗര്‍ അഫ്ഗാനായിരുന്നു ടീമിനെ നയിച്ചിരുന്നത്. ടെസ്റ്റ്, ഏകദിന, ടി20 ടീം നായക പദവിയില്‍ നിന്ന് അസ്ഗര്‍ അഫ്ഗാനെ മാറ്റിയ സെലക്ഷന്‍ കമ്മിറ്റി പകരം ഗുല്‍ബാദിന്‍ നെയ്ബിനെ ഏകദിന ടീമിന്റെ നായകനായി തെരഞ്ഞെടുത്തു. നെയ്ബ് ആണ് ലോകകപ്പില്‍ അഫ്ഗാനെ നയിക്കുക.

ടെസ്റ്റ് ക്യാപ്റ്റനായി റഹ്മത്ത് ഷായെയും ടി20 ടീം നായകനായി റാഷിദ് ഖാനെയും തെരഞ്ഞെടുത്തിട്ടുണ്ട്. 2015ല്‍ മുഹമ്മദ് നബിക്ക് പകരമാണ് അസ്ഗര്‍ അഫ്ഗാന്‍ ടീമിന്റെ നായകനായത്. ഇക്കാലത്താണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം വിസ്മയനേട്ടങ്ങള്‍ കൈവരിച്ചത്. അസ്ഗറിന് കീഴില്‍ അഫ്ഗാനിസ്ഥാന് ഐസിസിയില്‍ പൂര്‍ണ അംഗത്വം ലഭിക്കുകയും അയര്‍ലന്‍ഡിനെതിരെ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനെ 33 ഏകദിനങ്ങളില്‍ നയിച്ച അസ്ഗര്‍ 2019 ഏകദിന ലോകകപ്പിന് ടീമിന് യോഗ്യത നേടിക്കൊടുക്കുന്നതിലും നിര്‍ണായക സംഭാവന നല്‍കി. ടി20യില്‍ 46 മത്സരങ്ങളില്‍ 37 ജയങ്ങളും അസ്ഗറിന്റെ പേരിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here