ഒളിക്യാമറ വിവാദം; അന്വേഷണ സംഘം എം.കെ രാഘവന്റെ മൊഴിയെടുത്തു

ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനിൽ നിന്നും മൊഴിയെടുത്തു. നാലു പേരടങ്ങുന്ന പോലീസ് സംഘം ഇന്ന് രാവിലെ ഏഴ് മണിയോടെ കോഴിക്കോട്ടെ രാഘവന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഡിജിപിക്ക് കൈമാറിയ പരാതിയിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാൻ ഹാജരാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി വാഹിദ് നേരത്തെ രാഘവനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ രാഘവന് പറയാനുള്ളത് രേഖപ്പെടുത്തിയതായും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകുമെന്നും പോലീസ് സംഘം അറിയിച്ചു. തനിക്ക് പറയാനുള്ളതെല്ലാം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ പറഞ്ഞതായും ഇനിയുള്ള കാര്യങ്ങൾ ജനകീയ കോടതിയും നീതിന്യായ കോടതിയും തീരുമാനിക്കട്ടെയെന്നും എം.കെ രാഘവൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Also; ഒളിക്യാമറ ഓപ്പറേഷനിൽ എം കെ രാഘവന് കുരുക്ക് മുറുകുന്നു; മാെഴിയെടുക്കാൻ പൊലീസ് നോട്ടീസ് നൽകി

കഴിഞ്ഞയാഴ്ച ഹിന്ദി ചാനൽ ടിവി 9 ആണ് എം കെ രാഘവൻ കോഴ ആവശ്യപ്പെടുന്നതായുള്ള ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കോഴിക്കോട് ഹോട്ടൽ തുടങ്ങുന്നതിനായി സമീപിച്ച സിങ്കപ്പൂർ കമ്പനിപ്രതിനിധികളോട് അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്. എന്നാൽ രാഘവൻ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്നും രാഘവൻ പ്രഖ്യാപിച്ചിരുന്നു. രാഘവൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ചാനൽ റിപ്പോർട്ടിലൂടെ വ്യക്തമായതായി കാണിച്ച് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് എം.കെ രാഘവൻ നൽകിയ പരാതിയിലുമാണ് ഇന്ന് അന്വേഷണ സംഘം മൊഴിയെടുത്തത്. ഒളിക്യാമറ ഉപയോഗിച്ച് റിപ്പോർട്ട് തയ്യാറാക്കിയ ടിവി9 ചാനലിന്റെ മേധാവിയുടെയും റിപ്പോർട്ടർമാരുടെയും മൊഴിയെടുക്കാനും യഥാർത്ഥ വീഡിയോ ദൃശ്യങ്ങൾ കണ്ടെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top