അച്ഛനു പിന്നാലെ മകനും; റോണാൾഡീഞ്ഞോയുടെ മകന് പതിനാലാം വയസ്സിൽ ആദ്യ കരാർ; കഴിവ് അത്ഭുതപ്പെടുത്തിയെന്ന് ക്ലബ്

ബ്രസീൽ ഇതിഹാസം റോണാൾഡീഞ്ഞോയുടെ മകൻ ജോ മെൻഡസിന് ആദ്യ ക്ലബ് കരാർ. 14കാരനായ മെൻഡസിനെ ബ്രസീലിയൻ ക്ലബായ ക്രുസേരോ ആണ് ടീമിലെടുത്തത്. അവസാന കുറച്ച് മാസങ്ങളായി ക്ലബിൽ പരിശീലനം നടത്തി വരികയായിരുന്ന മെൻഡസ് കാഴ്ച വെച്ച മികച്ച പ്രകടങ്ങളാണ് ആദ്യ കരാറിലേക്ക് വഴി തെളിച്ചത്. 14ആം വയസ്സിൽ തന്നെ മെൻഡസ് പുറത്തെടുക്കുന്ന മികവ് കണ്ട് അത്ഭുതപ്പെട്ടാണ് കരാർ നൽകുന്നത് എന്ന് ക്ലബ് അറിയിച്ചു.
നേരത്തെ റൊണാൾഡീഞ്ഞോയുടെ മകനാണെന്നത് മറച്ചു വെച്ചായിരുന്നു മെൻഡസ് ക്രുസോരോയുടെ ട്രയൽസിൽ പങ്കെടുത്തത്. പിതാവിൻ്റെ പേരു കൊണ്ടല്ലാതെ തൻ്റെ കഴിവു കൊണ്ട് ക്ലബിൽ സെലക്ഷൻ കിട്ടണം എന്നത് അന്ന് 13കാരനായ മെൻഡസിന്റെ വാശിയായിരുന്നു. മുമ്പ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ട്രയൽസിലും മെൻഡസ് പങ്കെടുത്തിട്ടുണ്ട്.
ബ്രസീലിയൻ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ടീമാണ് ക്രുസേരോ. ക്ലബിന്റെ അക്കാദമിയിൽ ആകും ഇപ്പോൾ മെൻഡസ് കളിക്കുക. 19 വയസ്സുവരെ ക്ലബിൽ തുടരാനുള്ള കരാർ ആണ് മെൻഡസ് ഒപ്പിട്ടത്. ഉടൻ തന്നെ തന്നെ മെൻഡസിനെ സീനിയർ ടീമിൽ കളിപ്പിക്കും എന്ന് ക്ലബ് അറിയിച്ചു.
ലോകം കണ്ട ഏറ്റവും മികച്ച കാല്പന്തു കളിക്കാരിൽ ഒരാളാണ് ഡീഞ്ഞോ എന്ന് വിളിപ്പേരുള്ള റൊണാൾഡീഞ്ഞോ. ബ്രസീലിയൻ ക്ലബ് ഗ്രെമിയോയിലൂടെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ച അദ്ദേഹം പിഎസ്ജി, എസി മിലാൻ എന്നീ ഫ്രഞ്ച്, ഇറ്റാലിയൻ ക്ലബുകൾ ഉൾപ്പെടെ പലയിടത്തും ബൂട്ടണിഞ്ഞുവെങ്കിലും കരിയറിൻ്റെ സിംഹഭാഗവും ചെലവഴിച്ചത് സ്പാനിഷ് ക്ലബ് ബാഴ്സലോണയിലാണ്. ബാഴ്സലോണ ജേഴ്സിയിൽ 145 മത്സരങ്ങളിൽ പങ്കെടുത്ത അദ്ദേഹം 70 ഗോളുകളും സ്കോർ ചെയ്തിരുന്നു. ഫ്രീകിക്കുകളുടെ കൃത്യത കൊണ്ടും പന്തിന്മേലുള്ള നിയന്ത്രണം കൊണ്ടും ശ്രദ്ധേയനായ അദ്ദേഹം ബ്രസീൽ സീനിയർ ടീമിനു വേണ്ടി 97 മത്സരങ്ങളിൽ നിന്നും 33 ഗോളുകൾ നേടിയിട്ടുണ്ട്. 2015ൽ ബ്രസീലിയൻ ക്ലബ് ഫ്ലുമിനൻസിൽ കളിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹം വിരമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here