സൗദിയിലെ അബൂഹാദ്രിയയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരവാദികളെ വധിച്ചു

two terrorists killed at saudi abuhadriya

സൗദിയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടു. രണ്ട് പേർ പിടിയിലായി. അതേസമയം സൗദിക്ക് നേരെ ഇന്നലെയും ഹൂത്തി ഭീകരാക്രമണം ഉണ്ടായി.

ഇന്നലെ രാത്രിയാണ് സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഖതീഫിനടുത്ത അബൂഹാദ്രിയയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. നാല് ഭീകരവാദികൾ സൗദിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. ചെക്ക്‌പോയിന്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരവാദികൾ ബോംബാക്രമണത്തിനു ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ നേരിട്ടു. രക്ഷപ്പെടാൻ ശ്രമിച്ച ഭീകരവാദികളെ അബൂഹാദ്രിയ ദമാം റോഡിന് സമീപം പോലീസ് വളയുകയായിരുന്നു.

സേനയ്ക്ക് നേരെ വെടിയുതിർത്ത ഭീകരവാദികളെ സൈന്യം നേരിട്ടു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെടുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതർ വെളിപ്പെടുത്തി. നേരത്തെ ഖതീഫിൽ ഉണ്ടായ ഭീകരാക്രമണ കേസിൽ പ്രതികളാണ് ഇതിൽ മൂന്നു പേർ. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കുണ്ട്.

അതേസമയം സൗദിക്ക് നേരെ ഇന്നലെയും ഹൂത്തി ഭീകരാക്രമണം ഉണ്ടായി. അസീർ മേഖല ലക്ഷ്യമാക്കി വന്ന ഹൂത്തികളുടെ ഡ്രോൺ സൗദിയുടെ നേത്രുത്വത്തിലുള്ള സഖ്യസേന തകർത്തു. ഇന്നലെ രാത്രി പത്ത് അമ്പതിനായിരുന്നു ആക്രമണം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സൗദിയിലെ സാധാരണക്കാരെയാണ് ഹൂത്തികൾ ലക്ഷ്യം വെക്കുന്നതെന്നും, ഇറാൻ പിന്തുണയോടെയാണ് ആക്രമണം നടത്തുന്നതെന്നും സൗദി കുറ്റപ്പെടുത്തി.

Loading...
Top