എന്താണ് വിവിപാറ്റ് ? എന്തിനാണ് വിവിപാറ്റ് ?

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥികൾക്കും മണ്ഡലങ്ങൾക്കുമൊപ്പം തന്നെ ചർച്ചയാകുന്ന ഒന്നാണ് വിവിപാറ്റ്. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിവിപാറ്റ് ഉപയോഗിച്ചിരുന്നുവെങ്കിലും അന്ന് ആസ്സാം, നാഗാലാൻഡ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ വിവിപാറ്റ് ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വിവിപാറ്റ് ഉപയോഗിക്കുന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പായിരിക്കും ഇത്.
അതുകൊണ്ട് തന്നെ വോട്ടർമാർക്ക് ആശങ്കയുണ്ടാകാം. എങ്ങനെയാണ് വിവിപാറ്റ് വരുമ്പോഴുള്ള വോട്ടിംഗ് പ്രക്രിയ, എന്തിനാണ് വിവിപാറ്റ് തുടങ്ങി നിരവധി സംശയങ്ങൾ വോട്ടർമാർക്കുണ്ട്. വിവിപാറ്റ് അഥവാ വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ എന്നത് വോട്ടിംഗ് മെഷീനോട് ഘടിപ്പിച്ചിരിക്കുന്ന ഒരു മെഷീനാണ്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 12 മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇതു നടപ്പാക്കിയിരുന്നു. രേഖപ്പെടുത്തിയ വോട്ടിന്റെ വിവരം പ്രിന്റ് ചെയ്ത കടലാസ് സ്ലിപ്പ് ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രത്തിൽ സമ്മതിദായകർക്ക് കാണിച്ചുനൽകുന്ന രീതിയാണിത്.
എങ്ങനെയാണ് വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ഇവിഎമ്മിലാണ് നാം വോട്ട് രോഖപ്പെടുത്തുന്നത്. വോട്ട് രേഖപ്പെടുത്തിയ ഉടൻ തന്നെ വിവിപാറ്റ് മെഷീനിൽ സ്ലിപ്പ് തെളിയും. നാം ഏത് സ്ഥാനാർത്ഥിക്കാണോ വോട്ട് രേഖപ്പെടുത്തിയത് ആ സ്ഥാനാർത്ഥിയുടെ പേരും, ചിഹ്നവും സ്ലിപ്പിൽ ഉണ്ടാകും. നാം വോട്ട് ചെയ്ത സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ട് പോയിരിക്കുന്നതെന്ന് സ്ഥിരീകരിക്കാനാണ് ഇത്.
ഏഴു സെക്കൻഡിനുശേഷം പേപ്പർ സ്ലിപ്പ് ഡ്രോ ബോക്സിൽ വീഴുന്ന സമയത്താണ് കൺട്രോളിങ് യൂണിറ്റിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വോട്ട് രേഖപ്പെടുത്തുക. വിവി പാറ്റിൽ പ്രിന്റ് ചെയ്യാതെ വന്നാൽ ആ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും മനസിലാക്കാം.
വിവിപാറ്റ് എന്തിന് ?
തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പു വരുത്തുക എന്നതാണ് വിവിപാറ്റിന്റെ ലക്ഷ്യം. പലപ്പോഴും തെരഞ്ഞെടുപ്പിൽ തോറ്റ മുന്നണികൾ അട്ടിമറി ആരോപിക്കാറുണ്ട്. വോട്ടർമാർ രേഖപ്പെടുത്തിയ വോട്ട് മാറിയിട്ടില്ല എന്ന വിവിപാറ്റിലെ സ്ലിപ്പുകൾ നോക്കിയാൽ മനസ്സിലാകും. ഒപ്പം വോട്ടർമാർക്കും തങ്ങൾ ചെയ്ത വോട്ട് മാറിയിട്ടില്ല എന്ന ഉറപ്പ് ലഭിക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരവുമായി ABCD Of Election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here