കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കിഫ്ബിയുടെ മസാലാ ബോണ്ട് ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തു വിടണമെന്നും ബോണ്ടിന്റെ കാലാവധി എത്ര വര്‍ഷമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളത്തില്‍ ആവശ്യപ്പെട്ടു.

കിഫ്ബി ഇടപാടുമായി ബന്ധപ്പെട്ട് 2024 മുതല്‍ 25 വര്‍ഷത്തെ തിരച്ചടവാണെന്നാണ് നേരത്തെ സര്‍ക്കാര്‍ തന്നിരുന്ന ധാരണ. പക്ഷേ ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചിന്റെ വെബ്‌സൈറ്റില്‍ കാണുന്നത് കിഫ്ബിയുടെ ബോണ്ട് 5 വര്‍ഷക്കാലാവധിക്കുള്ളതെന്നാണ്. ഇതില്‍ ഏതാണ് ശരിയെന്നന് ശരിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന രമേശ് ചെന്നിത്തല ആരോപിച്ചു.

5 വര്‍ഷക്കാലാവധി ആണെങ്കില്‍ അത് സംസ്ഥാനത്തിന് വരുത്തി വയ്ക്കുന്ന ബാദ്ധ്യത നേരത്തെ കരുതിയതിലും വളരെ കൂടുതലായിരിക്കും. അഞ്ചാമത്തെ വര്‍ഷം പണം തിരിച്ചു നല്‍കണമെന്നാണെങ്കില്‍ കിഫ്ബി ഈ പണം ഉപയോഗിച്ച് നടത്തുന്ന പദ്ധതികളുടെ പണി തുടങ്ങുന്നതിനോ പൂര്‍ത്തിയാകുന്നതിനോ മുന്‍പ് പണം തിരിച്ചു നല്‍കേണ്ടി വരും. അപ്പോള്‍ പ്രയോജനം എന്താണെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു.

5 വര്‍ഷത്തേക്കാണെങ്കില്‍ 1045 കോടി രൂപ പലിശ ഇനത്തില്‍ മാത്രം നല്‍കേണ്ടി വരും. ഇതിനു പുറമേ മുതല്‍ തുക കൂടി ഉള്‍പ്പെടുത്തി 2150 കോടി ഉള്‍പ്പടെ 3195 കോടി രൂപ ആകെ നല്‍കണം. 25 വര്‍ഷമാണെങ്കില്‍ പലിശ മാത്രം 5213 കോടി രൂപ നല്‍കണം. മൊത്തം പലിശയും ചേര്‍ന്ന് 7373 കോടി രൂപ നല്‍കണം.

ഓരോ വര്‍ഷവും പലിശ ഇനത്തില്‍ മാത്രം നല്‍കേണ്ടി വരുന്നത് 209 കോടി രൂപയാണ്. അഞ്ചു വര്‍ഷമാണെങ്കില്‍ വലിയ നഷ്ടമാണ് ഉണ്ടാവുക. 25 വര്‍ഷമാവുമ്പോള്‍ താരതമ്യേന ചെറിയ തുക ദീര്‍ഘകാലം നല്‍കേണ്ടി വരും. പക്ഷേ അഞ്ചു വര്‍ഷമാണെങ്കില്‍ പദ്ധതികള്‍ പൂര്‍ത്തിയാവുകയുമില്ല ,വന്‍ തുക ഒന്നിച്ചു നല്‍കേണ്ടതായും വരും.

എല്ലാം രഹസ്യമാക്കി വയ്ക്കാതെ സര്‍ക്കാര്‍ ഇനിയെങ്കിലും സത്യം പുറത്തു പറയണം. ഇത് സംബന്ധിച്ച എല്ലാ ഫയലുകളും പ്രതിപക്ഷത്തിന് ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നു.

ഓരോ ലിറ്റര്‍ ഇന്ധനവും വാങ്ങുമ്പോള്‍ കേരളീയര്‍ 1 രൂപ കിഫ്ബിക്ക് നല്‍കുകയാണ്. ഈ പൊതു മുതലാണ് കൊള്ള പലിശയ്ക്കുള്ള മസാല ബോണ്ട് വാങ്ങി ധൂര്‍ത്തടിക്കുന്നത്. 9.372% പലിശയാണ് ബോണ്ട് ഈടാക്കുന്നത്. പലിശ കുറവാണെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. പക്ഷേ കിഫ്ബിയുടെ റേറ്റിംഗ് കുറവായതിനാല്‍ കൂടുതല്‍ പലിശ കൊടുക്കണ്ടി വന്നു എന്ന് കിഫ്ബി സി.ഇ.ഒയും പറയുന്നു. മുഖ്യമന്ത്രി പലിശ കുറവെന്ന് പറഞ്ഞ് ജനത്തെ പറ്റിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാത്രമല്ല, ഇത് സംസ്ഥാനത്തെയും സംസ്ഥാനത്തെ ഭാവി തലമുറയെയും കടക്കെണിയിലാക്കും എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍, വിചിത്രവും അപഹാസ്യവുമാണ്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന നിലയിലേക്ക് തോമസ് സൈക്കിനെപ്പോലുള്ള ഒരാള്‍ തരം താഴുന്നത് കാണുമ്പോള്‍ സഹതപിക്കാനേ കഴിയുന്നുള്ളൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സി.ഡി.പി.ക്യൂ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നടത്തുമ്പോള്‍ ചെന്നിത്തലയ്ക്ക് എന്താണ് പ്രശ്‌നം എന്നാണ് ഐസക്ക് ചോദിക്കുന്നത്. പ്രശ്‌നമുണ്ട്. ഇത് കേരളത്തെ കടക്കെണിയിലാക്കുന്നത് തന്നെ കാരണം. 9.732 % എന്ന കൊള്ളപ്പലിശയാണ് . അത് ഈ നാടിന്റെ പണമാണ്. സി.പി.എമ്മിന്റെ പണമല്ല.

കേരളത്തെ ഇത്രയും വലിയ കടക്കെണിയില്‍ വീഴ്ത്താന്‍ പിണറായിക്കും ഐസക്കിനും ആരാണ് അധികാരം നല്‍കിയത്. കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ ഇടപാട്. കൈക്കൂലി നല്‍കുന്നതില്‍ മിടുക്കന്മാരണ് ലാവ്‌ലിന്‍ കമ്പനിക്കാര്‍. അവര്‍ പോയ എല്ലായിടത്തും അത് ചെയ്തിട്ടുണ്ട്. ഇവിടെ എത്ര കമ്മീഷന്‍ കിട്ടി എന്ന് തുറന്നു പറയാനുള്ള ചങ്കൂറ്റം പിണറായിയും ഐസക്കും കാണിക്കണം.

പഴയ ലാവ്‌ലിന്‍ ഇടപാടിലെ കേസ് സുപ്രീം കോടതിയിലാണ്. ആ കേസിലെ പ്രതികളാണ് ലാവലിനും അതിലെ ഉദ്യോഗസ്ഥരും. അവരുമായി വളഞ്ഞ വഴിയില്‍ വീണ്ടും ഇടപാട് നടത്തുന്നത് ദേശ വിരുദ്ധമാണ്. കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top