‘തോറ്റ MLAയോട് ഗുളിക കഴിക്കാൻ പറയണം, എന്റെ ഭർത്താവ് ആർക്കും കലക്കാൻ ഒരു ഗുളികയും കഴിപ്പിച്ചതായി അറിവില്ല’; പരിഹസിച്ചവരോട് സൗമ്യ സരിന്‍

ഫേസ്ബുക്ക് കമന്റിലൂടെ തന്റെ ഭർത്താവ് പി സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഭാര്യ ഡോ. സൗമ്യ സരിൻ. തോറ്റ എം എൽ എ യോട് ഗുളിക കഴിക്കാൻ മറക്കരുതെന്ന അധിക്ഷേപ കമന്റിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റ്. പി സരിൻ തെരഞെടുപ്പിൽ തോറ്റത് പകൽ വെളിച്ചത്തിലെന്നും സൗമ്യ സരിൻ ഫേസ്ബുക്കിൽ കുറിച്ചു. ആർക്കും ഒന്നും കലക്കാൻ സരിൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ലെന്നും സൗമ്യ വ്യക്തമാക്കി.
‘എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്. ഒന്നല്ല, രണ്ടു തവണ… രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ… പക്ഷെ ഒരു വ്യത്യാസമുണ്ട്. തോൽവിയാണെങ്കിലും നല്ല പകൽ വെളിച്ചത്തിൽ. മാന്യമായി… തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ടേ’, എന്നും അവർ കൂട്ടിച്ചേർത്തു. സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റവന്റെ കാലിലെ ചൊറി നോക്കാൻ പോകുന്നതെന്നും അവർ പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
‘തോറ്റ MLA’ 😊
ശരിയാണ്… എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്.
ഒന്നല്ല, രണ്ടു തവണ… രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ…
പക്ഷെ ഒരു വ്യത്യാസമുണ്ട്.
തോൽവിയാണെങ്കിലും നല്ല പകൽ വെളിച്ചത്തിൽ…
മാന്യമായി…
തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ടേ!
എല്ലാ ജയത്തിലും ഈ പറഞ്ഞ സാധനം ഉണ്ടാവണമെന്നും ഇല്ല കേട്ടോ…
അതുകൊണ്ട് ഈ തോൽവിയിൽ എന്നല്ല, ഒന്നിലും അയാളെ പ്രതി എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല!
ഇനി ഗുളിക…
മൂപ്പര് അധികം കഴിക്കാറില്ല… വല്ല പനിയോ ജലദോഷമോ വന്നാൽ, അതും ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചാൽ, ചിലപ്പോ കഴിക്കും!
പക്ഷെ ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല!
ആർക്കെങ്കിലും അറിവുണ്ടെങ്കിൽ പറയണം!
അപ്പൊ സംശയങ്ങൾ ഓക്കെ മാറിയല്ലോ അല്ലേ?
വിട്ടു പിടി ചേട്ടാ…
സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റവന്റെ കാലിലെ ചൊറി നോക്കാൻ പോകുന്നത്!
Story Highlights : soumya sarin responds to comments against p sarin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here