56 ഇഞ്ച് നെഞ്ചുള്ളത് കഴുതകൾക്ക് മാത്രം; പരിഹാസവുമായി കോൺഗ്രസ് നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ച് പരാമർശത്തെ പരിഹസിച്ച് ഗുജറാത്ത് കോണ്ഗ്രസ് നേതാവ് അർജുൻ മോദ്വാഡിയ. കഴുതകൾക്ക് മാത്രമാണ് 56 ഇഞ്ച് നെഞ്ചുള്ളതെന്നായിരുന്നു ഗുജറാത്ത് കോണ്ഗ്രസ് മുൻ പ്രസിഡന്റ് കൂടിയായ മോദ്വാഡിയയുടെ പരാമർശം. 56 ഇഞ്ച് നെഞ്ചളവുള്ള തന്നെപ്പോലെ ഒരാൾക്കു മാത്രമേ ശക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുകയുള്ളു എന്ന് 2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ പരാമർശത്തെയാണ് മോദ്വാഡിയ പരിഹസിച്ചത്.
ശരിക്കും ഫിറ്റായ ഒരു മനുഷ്യന് 36 ഇഞ്ച് നെഞ്ചളവാണുള്ളത്. ഒരു ബോഡി ബിൽഡർക്ക് ചിലപ്പോൾ 42 ഇഞ്ച് നെഞ്ചുണ്ടാവും. പക്ഷേ, കഴുതകൾക്കു മാത്രമാണ് 56 ഇഞ്ച് നെഞ്ചുള്ളത്. ചില മൂരികൾക്ക് 100 ഇഞ്ച് നെഞ്ചളവുണ്ടാകും- മോദ്വാഡിയ പറഞ്ഞു. ഭക്തർക്ക് ഇക്കാര്യം മനസിലാകില്ലെന്നും അവരുടെ നേതാവിന് 56 ഇഞ്ച് നെഞ്ചുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്കു സന്തോഷമാകുമെന്നും കോണ്ഗ്രസ് നേതാവ് പരിഹസിച്ചു.
പിന്നാലെ, പരാമർശത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തി. തോൽവി ഭയന്ന് കോണ്ഗ്രസ് പാർട്ടിക്ക് മാനസികനില തെറ്റിയെന്ന് ബിജെപി വക്താവ് ഭരത് പാണ്ഡ്യ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here